മെല്‍ബണ്‍: പരാജയത്തിന്റെ വക്കില്‍ നിന്ന് ഇന്ത്യക്ക് ആശ്വസിക്കാന്‍ ഒരു സമനില. ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിലാണ് ഇന്ത്യ സമനില നേടിയത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരായ നാല് ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ 2-0ന് മുന്നിലാണ് കംഗാരുക്കള്‍. പരമ്പരയിലെ നാലാം ടെസ്റ്റ് ജനുവരി ആറിന് സിഡ്‌നിയില്‍ തുടങ്ങും. ഓസീസിനായി രണ്ടു ഇന്നിംഗ്‌സിലൂടെ ആറ് വിക്കറ്റ് വീഴ്‌ത്തുകയും ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി (74) നേടുകയും ചെയ്ത റയാന്‍ ഹാരിസ് മാന്‍ ഓഫ് ദ മാച്ചായി.
രണ്ടാം ഇന്നിംഗ്‌സില്‍ വിജയിക്കാന്‍ 70 ഓവറില്‍ 384 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 19 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യ പിന്നീട് സമനിലക്കായി പൊരുതുകയായിരുന്നു. ഒടുവില്‍ കളി അവസാനിക്കാന നാല് ഓവര്‍ ബാക്കിനില്‍ക്കേ ഇരു ക്യാപ്റ്റന്മാരും സമനിലക്ക് സമ്മതിക്കുകയായിരുന്നു. കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തിരുന്നു. സ്‌കോര്‍ ചുരുക്കത്തില്‍: ഓസ്‌ട്രേലിയ 530, 9ന് 318 ഡി. ഇന്ത്യ: 465, 6ന് 174.
പതിനേഴ് വര്‍ഷത്തിന് ശേഷമാണ് മെല്‍ബണില്‍ ഒരു ടെസ്റ്റ് സമനിലയില്‍ അവസാനിക്കുന്നത്. 1997-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റാണ് ഇതിന് മുന്‍പ് ഫലമില്ലാതെ അവസാനിച്ചത്.
ഏഴിന് 261 റണ്‍സ് എന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 76-ാം ഓവറിലും 85-ാം ഓവറില്‍ മഴ പെയ്തത് ഓസ്‌ട്രേലിയയുടെ ഡിക്ലറേഷന്‍ വൈകിപ്പിച്ചു.
നേരത്തെ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെവച്ച് റണ്ണൗട്ടായ ഷോണ്‍ മാര്‍ഷിന്റെ ബാറ്റിങ് മികവിലാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ മികച്ച ലീഡ് പടുത്തുയര്‍ത്തിയത്. എന്നാല്‍, മാര്‍ഷിന് മറ്റുള്ളവരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. സ്‌കോര്‍ 303ല്‍ നില്‍ക്കെ പുറത്തായ ഹാരിസാണ് അവസാന ദിനം മടങ്ങിയ ആദ്യ ഓസീസ് ബാറ്റ്‌സ്മാന്‍. മൂന്നോവര്‍ കൂടി കഴിഞ്ഞ് സ്‌കോര്‍ 317-ല്‍ നില്‍ക്കെ മാര്‍ഷും സെഞ്ചുറിക്ക് ഒരു റണ്‍ അകലെവച്ച് റണ്ണൗട്ടായതിന് തൊട്ടുപിന്നാലെ ഓസ്‌ട്രേലിയ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ ഇന്ത്യയ്‌ക്ക് 70 ഓവറില്‍ ജയിക്കാന്‍ 384 റണ്‍സായി വിജയലക്ഷ്യം.
അതേസമയം ഡിക്ലറേഷന്‍ വൈകിച്ചതാണ് ഓസ്‌ട്രേലിയക്ക് ജയം ഇല്ലാതാക്കിയതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതുപോലെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാനുണ്ടായിട്ടും ഒന്നാമിന്നിങ്‌സില്‍ പരാജയമായിരുന്നു പുതുമുഖം രാഹുലിനെ നേരത്തെ ഇറക്കാനുള്ള ഇന്ത്യന്‍ നായകന്‍ ധോനിയുടെ തീരുമാനവും വിമര്‍ശം വരുത്തിവച്ചിട്ടുണ്ട്. ആറ് പന്ത് നേരിട്ട രാഹുലിന് ഒരൊറ്റ റണ്ണാണ് നേടാനായത്.
കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സ്‌കോര്‍ബോര്‍ഡില്‍ 2 റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ശിഖര്‍ ധവാനെ റയാന്‍ ഹാരിസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ക്രീസിലെത്തിയത് അരങ്ങേറ്റക്കാരന്‍ ലോകേഷ് രാഹുല്‍. എന്നാല്‍ ധോണിയുടെ ഈ പരീക്ഷണം പാളി. ഒരു റണ്‍ നേടി ജോണ്‍സണ് മുന്നില്‍ വീണ രാഹുലിന് മറക്കാന്‍ ആഗ്രഹിക്കുന്ന അരങ്ങേറ്റമായി മെല്‍ബണിലേത്.
അധികം വൈകാതെ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ മുരളി വിജയ് (11) ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി മടങ്ങിയപ്പോള്‍ ഇന്ത്യ മൂന്നിന് 19 എന്ന നിലയിലായി.
എന്നാല്‍ ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്മാര്‍ നാലാം വിക്കറ്റില്‍ ഒരുമിച്ചതോടെ ഇന്ത്യ ഉണര്‍ന്നു. കോഹ്‌ലി-രഹാനെ സഖ്യം ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ടു. ചായയ്‌ക്ക് മുന്‍പ് അര്‍ദ്ധ സെഞ്ചുറി നേടിയ കോഹ്‌ലി ചായ്‌ക്ക് ശേഷമുള്ള ആദ്യ പന്തില്‍ പുറത്തായി. 54 റണ്‍സ് നേടിയ കോഹ്‌ലിയെ ഹാരിസിന്റെ പന്തില്‍ ബേണ്‍സ് പിടികൂടുകയായിരുന്നു.
നാലാം വിക്കറ്റില്‍ കോലിയും രഹാനെയും ചേര്‍ന്ന് നേടിയ 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് അപകടം ഒഴിവാക്കിയത്. 26 ഓവറാണ് ഇരുവരും ഓസീസ് ബൗളിംഗ് പടയെ പ്രതിരോധിച്ചുനിന്നത്. തുടര്‍ന്നെത്തിയ പൂജാര രഹാനെക്കൊപ്പം ഉറച്ചു നിന്നെങ്കിലും ജോണ്‍സന്റെ മനോഹരമായ ഒരു പന്തില്‍ വിക്കറ്റ് തെറിച്ചു. 21 റണ്‍സായിരുന്ന പൂജാരയുടെ സമ്പാദ്യം. സ്‌കോര്‍ അഞ്ചിന് 141. തൊട്ടുപിന്നാലെ 48 റണ്‍സെടുത്ത രഹാനെയെക്കൂടി നഷ്ടപ്പെട്ടതോടെ ഇന്ത്യ തോല്‍വി മുന്നില്‍ക്കണ്ടു.
ഹെയ്‌സല്‍വുഡിനാണ് രഹാനെയുടെ വിക്കറ്റ്. എന്നാല്‍ ആര്‍. അശ്വിനെ കൂട്ടുപിടിച്ച് നായകന്‍ ധോണി കൂടുതല്‍ വിക്കറ്റ് പോകാതെ കാത്തത് ഇന്ത്യയ്‌ക്ക് തുണയായി. 24 റണ്‍സോടെ ധോണിയും എട്ട് റണ്‍സോടെ അശ്വിനും പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്‍സണും റയാന്‍ ഹാരിസും ഹെയ്‌സല്‍വുഡും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
















