അര്‍ജ്ജുനനോടു കൃഷ്ണന്‍ പറഞ്ഞത്, ”അര്‍ജ്ജുനാ, എനിക്കു മൂന്നുലോകത്തിലും നേടാനായി ഒന്നുമില്ല. എന്നാലും അര്‍ജ്ജുനാ, ഞാന്‍ കര്‍മ്മം ചെയ്യുന്നു; ബന്ധമില്ലാത്ത കര്‍മ്മം.” മക്കളേ, നിങ്ങളുടെ മനസ്സ് ശരീരതലത്തില്‍ നില്‍ക്കുകയാണ്. അവിടെനിന്നും അതിനെ ഉദ്ധരിക്കേണ്ടതുണ്ട്. നമ്മുടെ മനസ്സ് വിശ്വമനസ്സായിത്തീരണം. അതിനുള്ള മുളപൊട്ടിക്കുന്നതു ലോകത്തോടുള്ള കാരുണ്യമാണ്.
വേദാന്തികള്‍ എന്ന് സ്വയം അഭിമാനിക്കുന്നവര്‍ക്കു താന്‍ മാത്രം ബ്രഹ്മവും മറ്റെല്ലാം മായയുമാണ്. എന്നാല്‍ ഈ ഭാവന അവര്‍ക്കു നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ? അതുമില്ല. കൃത്യം പന്ത്രണ്ടുമണിയാകുമ്പോള്‍ ഭക്ഷണം ഒരുക്കികൊടുക്കണം.
രോഗം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോകണം. അപ്പോള്‍ ആശുപത്രി മായയല്ല, അത്യാവശ്യമാണ്. ഭക്ഷണവും അവര്‍ക്കാവശ്യമാണ്. മറ്റുള്ളവരുടെ സേവനവും അവര്‍ക്കാവശ്യമാണ്. ഈ മായയും ശുദ്ധബോധവും പറയുന്നവര്‍ക്ക് ഇതൊക്കെ എങ്ങനെ ആവശ്യമാണെന്ന് അവര്‍ ചിന്തിക്കണം.
തനിക്ക് എല്ലാവരുടെയും സേവ വേണം; എന്നാല്‍ ലോകത്തിനു സേവ ചെയ്യേണ്ട സമയം വരുമ്പോള്‍ ബ്രഹ്മവിചാരവും. ഇതു മടിയന്മാരുടെ ലക്ഷണമാണ്.
















