ചിലര്‍ വേദാന്തികളാണെന്നവകാശപ്പെട്ടുകൊണ്ടു വരാറുണ്ട്. തങ്ങള്‍ ശുദ്ധബോധമാണെന്നാണ് അവര്‍ വാദിക്കാറുള്ളത്. അവര്‍ ചോദിക്കാറുണ്ട്. ആത്മാവ് ഏതാത്മാവിനെ സേവിക്കാനാണ്. ആശ്രമങ്ങളില്‍ എന്തിനാണ് സേവനം? പഠനം മാത്രം പോരേ? എന്നും മറ്റും.
പണ്ടുള്ള മഹാത്മാക്കള്‍ ഗൃഹസ്ഥാശ്രമം കഴിഞ്ഞാണു വാനപ്രസ്ഥത്തിനും സന്ന്യാസത്തിനും പോയിരുന്നത്. അവരുടെ കര്‍മ്മങ്ങള്‍ മിക്കതും കഴിഞ്ഞിരുന്നു. പിന്നീടു ചുരുങ്ങിയ നാളുകളേ അവര്‍ക്കുള്ളൂ. പക്ഷേ, അവര്‍ ചെന്നിരുന്ന ഗുരുകുലങ്ങളില്‍ കര്‍മ്മം ഉണ്ടായിരുന്നു. നല്ല സമര്‍പ്പണത്തോടെതന്നെ അവിടെയുള്ള വേദാന്തികളായ ശിഷ്യര്‍, വേദാന്തികളായ ഗുരുക്കന്മാരെ സേവിച്ചിരുന്നു. ശിഷ്യര്‍ വിറകുശേഖരിക്കാന്‍ പോയിരുന്നു.
പശുവിനെ മേയ്‌ക്കാന്‍ പോയിരുന്നു. വയലില്‍ വെള്ളം കയറുന്നതു തടയാന്‍ പോയ അരുണിയുടെ കഥ കേട്ടിട്ടില്ലേ? വയലിലെ വരമ്പു മുറിഞ്ഞു വെള്ളം കയറുന്നതു തടയാന്‍ താന്‍തന്നെ വരമ്പിനോടു ചേര്‍ന്നി കിടന്ന് ഒഴുക്കു തടഞ്ഞു. ഇതൊന്നും അവര്‍ക്കു വേദാന്തത്തില്‍നിന്നു ഭിന്നമായി തോന്നിയില്ല. ഇതു വരമ്പല്ലേ, ഇതു ചെളിയല്ലേ, ഇതു വെള്ളമല്ലേ, ഞാന്‍ ആത്മാവല്ലേ എന്നൊന്നും അവര്‍ ചിന്തിച്ചില്ല. അങ്ങനെയായിരുന്നു അന്നുള്ള ശിഷ്യന്മാര്‍.
അന്നും കര്‍മ്മയോഗം ഉണ്ടായിരുന്നു. അന്നു മൂന്നോ നാലോ ശിഷ്യരെ ഒരു ഗുരുവിന്റെകൂടെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ആശ്രമത്തില്‍ ആയിരത്തിനടുത്ത് അന്തേവാസികള്‍ ഉണ്ട്. ഇവര്‍ക്കെല്ലാം മുഴുക്കെ സമയവും ധ്യാനിക്കാന്‍ പറ്റുമോ? ഒക്കുകയില്ല. ചിന്തകള്‍ ഏതായാലും മനസ്സില്‍ കടന്നുവരും. കര്‍മ്മം ചെയ്താലും ഇല്ലെങ്കിലും ചിന്തകള്‍ ഉണ്ടാകും. എന്നാല്‍, ആ ചിന്തകളെ നേര്‍വഴിക്കു തിരിച്ചുവിട്ടു കൈകാലുകള്‍കൊണ്ടു കര്‍മ്മം ചെയ്തു ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുന്നതാണോ തെറ്റ്?
















