ന്യൂദല്‍ഹി: ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ബിജെപിയുടെ നിലപാട് നിര്‍ണായകമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഒരു കക്ഷിക്കും ജമ്മു കാശ്മീരില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള പിഡിപിയും ബിജെപിയും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.
അതേസമയം മൂന്നാം സ്ഥാനത്തെത്തിയ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാക്കളും ബിജെപിയുമായി ബന്ധപ്പെട്ടു വരികയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ലണ്ടന്‍ യാത്ര റദ്ദ് ചെയ്ത് കാശ്മീരില്‍ തിരിച്ചെത്തിയത് ബിജെപിയുമായുള്ള ചര്‍ച്ചയ്‌ക്ക് നേതൃത്വം നല്‍കാനാണെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ നല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തോട് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തണുത്ത പ്രതികരണമാണ് പ്രകടിപ്പിച്ചത്. കോണ്‍ഗ്രസുമായി കൂട്ടു ചേര്‍ന്നാലും ഇരുപാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷം തികയ്‌ക്കാന്‍ സാധിക്കില്ല. ചിരവൈരികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കോണ്‍ഗ്രസും കൂടി ചേര്‍ന്നാല്‍ ഭൂരിപക്ഷമാകുമെങ്കിലും അതിന് ഒട്ടും തന്നെ സാധ്യതയില്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
















