ഡോ. അശ്വതി വിജയകുമാര്‍/നേഹ ഗേഹി
ഓരോ കുട്ടിക്കും ജീവിതത്തില്‍ ആരോഗ്യകരമായ മികച്ച തുടക്കം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും സ്വാഭാവികവുമായ മാര്‍ഗങ്ങളിലൊന്നാണ് മുലയൂട്ടല്‍. ഇതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ആഗസ്ത് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ജനനത്തിനു ശേഷമുള്ള ആദ്യ മണിക്കൂറില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കാനും, ആദ്യത്തെ ആറ് മാസം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കാനും, കുട്ടിക്ക് രണ്ട് വയസ്സോ അതില്‍ കൂടുതലോ പ്രായമാകുന്നതുവരെ ഉചിതമായ പോഷകാഹാരങ്ങള്‍ക്കൊപ്പം മുലയൂട്ടല്‍ തുടരാനും ഇത് അമ്മമാരെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികളുടെ അതിജീവനം മെച്ചപ്പെടുത്താനും അമ്മമാരുടെ ആരോഗ്യം സംരക്ഷിക്കാനും മുലയൂട്ടല്‍ അത്യന്താപേക്ഷിതമാണ്.
കുഞ്ഞിന്റെ ആദ്യത്തെ പ്രകൃതിദത്ത വാക്‌സിന്‍ എന്നാണ് മുലപ്പാലിനെ വിശേഷിപ്പിക്കുന്നത്. ആരോഗ്യകരമായ വളര്‍ച്ചയ്‌ക്കും വികാസത്തിനും ഒരു കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാല്‍ ഉറപ്പാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും അണുബാധകള്‍ തടയാനും ഇത് സഹായിക്കുന്നു. കുട്ടികളിലെ മസ്തിഷ്‌ക വികാസത്തെ പിന്തുണയ്‌ക്കുന്നതിനൊപ്പം ഭാവി ജീവിതത്തില്‍ അമിതവണ്ണവും മറ്റ് സംക്രമികേതര രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ഇത് കുറയ്‌ക്കുന്നു. കൂടാതെ, സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, ടൈപ്പ് 2 പ്രമേഹം എന്നിവയ്‌ക്കുള്ള സാധ്യത കുറച്ചുകൊണ്ട് മാതൃആരോഗ്യ സംരക്ഷണത്തിലും മുലയൂട്ടല്‍ വലിയ പങ്ക് വഹിക്കുന്നു.
ദേശീയ കുടുംബാരോഗ്യ സര്‍വേ-6 പ്രകാരം, ഭാരതത്തിലെ മുലയൂട്ടല്‍ സൂചകങ്ങളില്‍ ഗണ്യമായ പുരോഗതിയുണ്ട്. ജനിച്ച് ആദ്യ മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ ശതമാനം 41.8%-ല്‍ നിന്ന് 50.1% ആയി വര്‍ദ്ധിച്ചു. എന്നാല്‍, മുലയൂട്ടല്‍ അമ്മമാരുടെ മാത്രം ഉത്തരവാദിത്തമല്ല; മറിച്ച് കുടുംബങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും തൊഴിലുടമകളുടെയും സമൂഹത്തിന്റെയും കൂട്ടായ ചുമതലയാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും ആത്മവിശ്വാസത്തോടെ മുലയൂട്ടുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും അമ്മമാര്‍ക്ക് കൗണ്‍സിലിംഗും വിദഗ്‌ദ്ധ പിന്തുണയും അനിവാര്യമാണ്. വീട്ടുജോലികളില്‍ സഹായിച്ചും കരുതലോടെയുള്ള അന്തരീക്ഷം സൃഷ്ടിച്ചും കുടുംബാംഗങ്ങള്‍ക്ക് അമ്മമാരെ പിന്തുണയ്‌ക്കാം. അതുപോലെ, ശമ്പളത്തോടുകൂടിയ പ്രസവാവധി, ജോലിസമയത്തിലെ ക്രമീകരണങ്ങള്‍, മുലയൂട്ടല്‍ ഇടവേളകള്‍, മുലപ്പാല്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്വകാര്യ ഇടങ്ങള്‍ എന്നിവ തൊഴിലെടുക്കുന്ന അമ്മമാര്‍ക്കായി സ്ഥാപനങ്ങള്‍ സജ്ജമാക്കണം.
വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ‘പോഷണ്‍ അഭിയാന്‍’ പദ്ധതി, കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ഭക്ഷണരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള ബോധവല്‍ക്കരണങ്ങള്‍ നടത്തുന്നുണ്ട്. ‘പോഷണ്‍ മാഹ്’, ‘പോഷണ്‍ പഖ്വാഡ’ തുടങ്ങിയ പ്രചാരണങ്ങളിലൂടെ മുലയൂട്ടലിനെക്കുറിച്ചുള്ള പൊതുജനാവബോധം വര്‍ദ്ധിക്കുകയും കൗണ്‍സിലിംഗ് സേവനങ്ങള്‍ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.
മുലയൂട്ടലിന്റെ കുറവുമൂലം ഉണ്ടാകുന്ന വയറിളക്കം, ശ്വാസകോശ സംബന്ധമായ അണുബാധ എന്നിവ കാരണം ലോകത്ത് പ്രതിവര്‍ഷം 73,417 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. ഇത് ഓരോ വര്‍ഷവും ഏകദേശം 16.6 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. 2030 ആകുമ്പോഴേക്കും 70% കുഞ്ഞുങ്ങള്‍ക്കും ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലോകാരോഗ്യ അസംബ്ലിയുടെ ലക്ഷ്യം. ഇതിനായി, അമ്മമാര്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പാക്കുക, ഇന്‍ഫന്റ് മില്‍ക്ക് സബ്സ്റ്റിറ്റിയൂട്ട്‌സ് നിയമം കേെൃശരഹ്യേ നടപ്പിലാക്കുക, ആശുപത്രികളില്‍ ‘വിജയകരമായ മുലയൂട്ടലിനുള്ള 10 ഘട്ടങ്ങള്‍’ പാലിക്കുക എന്നിവ സുപ്രധാന നടപടികളാണ്.
‘പോഷണ്‍ ട്രാക്കര്‍’ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ അങ്കണവാടി സേവനങ്ങള്‍ നിരീക്ഷിക്കാനും, കുട്ടിയുടെ ജനനം മുതല്‍ മുലയൂട്ടല്‍ ഘട്ടങ്ങള്‍ ട്രാക്ക് ചെയ്യാനും ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നു. ഇത്തരം സമഗ്രമായ ഇടപെടലുകള്‍ രാജ്യത്തെ മുലയൂട്ടല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും 2030-ഓടെ ആഗോള ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും നിര്‍ണായകമാകും.
(അനുവാദ് സൊല്യൂഷന്‍സിലെ റിസര്‍ച്ച് ലീഡും ന്യൂട്രീഷന്‍ ലീഡും ചേര്‍ന്ന് തയ്യാറാക്കിയ ലേഖനം)











