കൃഷ്ണഗിരി (വയനാട്): വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രണ്ടാം ദിനത്തില്‍ ഹൈദരാബാദിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 270 റണ്‍സിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച കേരളം തകര്‍ച്ചയില്‍. രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കേരളം ആറിന് 179 എന്ന നിലയില്‍. 41 റണ്ണുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 3 റണ്ണുമായി മോനിഷുമാണ് ക്രീസില്‍. തലേന്നത്തെ സ്‌കോറിനൊപ്പം 45 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹൈദരബാദിന്റെ മൂന്നുവിക്കറ്റുകളും വീണു.
ഏഴിന് 225 എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഹൈദരബാദിന് ആദ്യം നഷ്ടപ്പെട്ടത് ആശിഷ് റെഡ്ഡിയുടെ വിക്കറ്റാണ്. 81 പന്തില്‍ 36 റണ്ണെടുത്ത ആശിഷിനെ മനു കൃഷ്ണന്‍ നിഖിലേഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മിലിന്ദിനും രവികിരണിനും കാര്യമായൊന്നും ചെയ്യാനായില്ല. നാല് റണ്ണെടുത്ത മിലിന്ദിനെ അന്‍താഫ് സഞ്ജുവിന്റെ കൈകളിലെത്തിച്ചു. അഞ്ച് റണ്ണെടുത്ത രവികിരണിനെ അമിതി വര്‍മയുടെ കൈകളിലെത്തിച്ച് അന്‍താഫ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടൊപ്പം ഹൈദരാബാദ് 270ന് എല്ലാവരും പുറത്തായി. പുറത്താകാതെ 65 റണ്ണെടുത്ത ഇബ്രാഹിം ഖലീലാണ് ഹൈദരാബാദിനായി ചെറുത്തുനില്‍പ് നടത്തിയെങ്കിലും പിന്താങ്ങാന്‍ ആളുണ്ടായില്ല.
തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച കേരളത്തിന് രണ്ടാം ഓവറിലെ അവസാനപന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. വി.എ. ജഗദീഷിനെ ആശിഷ് റെഡ്ഡിയുടെ പന്തില്‍ തന്മയ് അഗര്‍വാള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ സഞ്ജു പവനൊപ്പം ചേര്‍ന്ന് 55 റണ്ണിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. രവി കിരണിന്റെ പന്തില്‍ ബൗള്‍ഡായ സഞ്ജു 52 പന്തില്‍ 22 റണ്ണാണ് നേടിയത്്. നാലാമനായെത്തിയ ആദ്യ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ അമിത് വര്‍മയോടൊപ്പം പവന്‍ കേരള സ്‌കോറുയയര്‍ത്തി.
ടീം സ്‌കോര്‍ 106 ല്‍ നില്‍ക്കുമ്പോള്‍ അമിത് വര്‍മയെ അഹമ്മദ് ഖാദിരി അനിരുദ്ധിന്റെ കൈകളിലെത്തിച്ചു. 61 പന്തുകളില്‍ 25 റണ്ണായിരുന്നു അമിതിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സച്ചിന്‍ബേബി പവനുമൊത്ത് കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. എന്നാല്‍ സ്‌കോര്‍ 116ല്‍ നില്‍ക്കേ പവന്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങി. 138 പന്തില്‍ 50 റണ്ണെടുത്ത പവനെ രവികിരണാണ് പുറത്താക്കിയത്. തുടര്‍നെത്തിയ നിഖിലേഷ് സുരേന്ദ്രന് കാര്യമായൊന്നും ചെയ്യാനായില്ല. 28 പന്തുകളില്‍ 16 റണ്ണെടുത്ത നിഖിലേഷിനെ ആശിഷ് റെഡ്ഡി ബൗള്‍ഡാക്കുകയായിരുന്നു. ആന്ധ്രക്കെതിരായ മത്സരത്തില്‍ കേരളത്തിന്റെ നെടുംതൂണായ റൈഫിയെ നിലയുറപ്പിക്കും മുമ്പേ പ്രഗ്യാന്‍ ഓജ പവലിയനിലെത്തിച്ചു. ഒന്‍പത് പന്തുകളില്‍ രണ്ട് റണ്ണെടുത്ത റൈഫിയെ ഇബ്രാഹിം ഖലീല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
















