മിലാന്: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ കരുത്തരായ ഇന്റര്‍ മിലാന് സ്വന്തം തട്ടകത്തില്‍ സമനില. ലാസിയോയാണ് 2-2ന് ഇന്ററിനെ സമനിലയില്‍തളച്ചത്. 37 മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്നശേഷമാണ് ഇന്റര്‍ മിലാന് സമനില പിടിച്ചുവാങ്ങിയത്.
കളിയില്‍ മുന്‍തൂക്കം ഇന്ററിനായിരുന്നെങ്കിലും ആദ്യം ഗോള്‍ നേടിയത് ലാസിയോയായിരുന്നു. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ ഇന്റര്‍ വല കുലുക്കി. സ്റ്റെഫാന്‍ റാഡുവിന്റെ പാസില്‍ നിന്ന് ഫിലിപ്പെ ആന്ഡേഴ്സണ് ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്.
തൊട്ടുപിന്നാലെ ഇന്റര്‍ സമനില ഗോളിനടുത്തെത്തിയെങ്കിലും ഫ്രെഡി ഗ്വാറിന്റെ ഷോട്ട് ലാസിയോ ഗോളി രക്ഷപ്പെടുത്തി. പിന്നീട് 37-ാം മിനിറ്റില്‍ ലാസിയോ കളിയുടെ ഗതിക്കെതിരായി വീണ്ടും ഗോള്‍ നേടി. ജര്‍മ്മന്‍ താരം മിറോസ്ലാവ് ക്ലോസെ തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്താണ് ഫിലിപ്പെ ആന്ഡേഴ്സണ് വലംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചത്. ആദ്യപകുതി പിരിയുമ്പോള്‍ ലാസിയോ 2-0ന് മുന്നിട്ടുനിന്നു.
എന്നാല്‍ കളിയുടെ 66-ാം മിനിറ്റില്‍ ഇന്ററിന്റെ ആദ്യഗോള്‍ പിറന്നു. കോര്‍ണറിനൊടുവില്‍ പന്ത് ലഭിച്ച മാറ്റിയു കൊവാസിക്ക് ബോക്സിന് പുറത്തുനിന്ന് പറത്തിയ വലംകാലന്‍ ഷോട്ടാണ് ലാസിയോ വലയില്‍ കയറിയത്. പിന്നീട് പൊരുതിക്കളിച്ച ഇന്റര്‍ 80-ാം മിനിറ്റില്‍ സമനിലഗോളും കണ്ടെത്തി. സെറ്റ് പീസ് പൊസിഷനില്‍ നിന്ന് അംബ്രോസിയോ തലകൊണ്ട് ചെത്തിയിട്ടുകൊടുത്ത പന്ത് സ്വീകരിച്ച് ക്ലോസ്റേഞ്ചില്‍ നിന്ന് റോബര്‍ട്ടോ പലാസിയോ തൊടുത്ത വലംകാലന്‍ ഷോട്ട് ലാസിയോ വലയില്‍ തറച്ചുകയറി. ഈ സീസണില്‍ പലാസിയോയുടെ ആദ്യ ഗോളാണിത്. പിന്നീട് വിജയഗോളിനായി ഇന്ററും ലാസിയോയും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
















