കൊല്ലം: ഭാരതീയദര്‍ശനങ്ങളില്‍ അടിയുറച്ച് സ്വധര്‍മ്മം അനുഷ്ഠിക്കുന്നതിന് ശാരിരിക ക്ഷമത സുപ്രധാനമാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹശാരിരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന് പറഞ്ഞു.
കൊല്ലം മാമൂട്ടില്‍കടവ് പുതിയകാവ് സെന്‍ട്രല്‍ സ്കൂളില്‍ ക്രീഡാഭാരതിയുടെ കീഴിലുള്ള കേരള കായികവേദി സംഘടിപ്പിക്കുന്ന പെണ്‍കുട്ടികളുടെ പ്രഥമ തയ്ക്വോണ്ഡോ പരിശീലന സംസ്ഥാനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധര്‍മ്മാധിഷ്ഠിതമാണ് നമ്മുടെ പ്രവര്‍ത്തനങ്ങളെല്ലാം. പരധര്‍മ്മത്തിന് പിന്നാലെ പോകുന്ന സംസ്കാരത്തിന് വിരാമമിട്ട് സ്വധര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുരോഗതി യാഥാര്‍ത്ഥ്യമാകൂ. മറ്റുജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പരാശ്രയമാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത. ജനിച്ചുവീണ് താമസംവിനാ മറ്റുജീവികള്‍ സ്വന്തം കാലില്‍ നില്ക്കും. എന്നാല്‍ മനുഷ്യനെ വളര്‍ത്തിയെടുക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും വേണം.
സമൂഹത്തിന്റെ സഹായവും സഹകരണവുമാണ് പക്വതയാര്‍ന്ന വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഈ സഹായം സമൂഹത്തിന് തിരിച്ചും നല്‍കണമെന്ന ചിന്ത വളര്‍ത്തുന്നതാണ് ഹിന്ദുത്വം.
സമൂഹത്തോട് പ്രത്യുപകാരം ചെയ്യാന്‍ ഉദാത്തമായ ആ സംസ്കാരം പഠിപ്പിക്കുന്നതിന്റെ ഫലമായാണ് പണ്ടുകാലം മുതല്‍ ചുമടുതാങ്ങികളും തണ്ണീര്‍പന്തലുകളും ഉണ്ടായത്.
തനിക്ക് ആവശ്യമില്ലെങ്കിലും സമൂഹത്തിന് വേണ്ടി അതെല്ലാം ചെയ്തിരുന്ന സംസ്കാരം കൈമോശം വന്നുകൂട. മറ്റുള്ളവന്റെ കണ്ണീരൊപ്പുന്നത് കര്‍ത്തവ്യമായി കണ്ട് അഭിമാനിക്കണം. അല്ലാതെ വലിയ കാര്യമായി അവകാശപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസ്റ്റേഴ്സ് അത്ലറ്റിക്സ് ഫെഡറേഷന് ദേശീയ വൈസ് പ്രസിഡന്റ് അശോകന് കുന്നുങ്ങല്‍ അധ്യക്ഷനായിരുന്നു. ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം കെ. ശിവദാസന്‍, കായികവേദി സംസ്ഥാന രക്ഷാധികാരി ഡോ. സുഭാഷ് കുറ്റിശേരി, വര്‍ക്കിംഗ് പ്രസിഡന്റ് എം. രാജേന്ദ്രന്, ജില്ലാ പ്രസിഡന്റ് പി. അനിലാല്‍, സെക്രട്ടറി ഓലയില്‍ ബാബു, ആര്. സുരേന്ദ്രനാഥ്, കിഷോര്‍കുമാര്‍, ബി. ഉണ്ണിക്കണ്ണന്, ജി. സജീവ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
25ന് സമാപിക്കുന്ന പഞ്ചദിനശിബിരത്തില് 11 ജില്ലകളില്‍ നിന്നായി 73 വിദ്യാര്‍ത്ഥിനികളാണ് പങ്കെടുക്കുന്നത്. എട്ടുവയസുമുതല്‍ പതിനാറുവയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് തയ്ക്വോണ്ഡോയില് പരിശീലനം നല്‍കുന്നത് സഹോദരിമാരായ ദൈത ജോളി കുറ്റിശേരിയും ദീപ്തി ജോളി കുറ്റിശേരിയുമാണ്.
















