കൊച്ചി: ഫ്രഞ്ച് സൂപ്പര്‍താരം തിയറി ഹെന്റിയും ഐഎസ്എല്ലിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സാണ് തിയറി ഹെന്റിയെ സ്വന്തം നിരയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായുള്ള ശ്രമം ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസമാണ് തിയറി ഹെന്റി ക്ലബ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ റെഡ് ബുള്‍സിന് വേണ്ടിയായിരുന്നു ഹെന്റി കളിച്ചിരുന്നത്.
ആദ്യ സീസണില്‍ തന്നെ തിയറി ഹെന്റിയെ ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിട്ടിരുന്നു. മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് റെഡ് ബുള്‍സുമായി കരാര്‍ നിലനിന്നിരുന്നതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം വിഫലമാവുകയായിരുന്നു. ന്യൂയോര്‍ക്ക് റെഡ് ബുള്‍സുമായുള്ള കരാര്‍ തിയറി അവസാനിപ്പിച്ചു കഴിഞ്ഞു.
ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സണലിന്റെ എക്കാലത്തെയും ടോപ് സ്‌കോററായ ഹെന്റി 1998 ല്‍ ലോകകപ്പും 2000-ല്‍ യൂറോകപ്പും 2003-ല്‍ കോണ്‍ഫെഡറേഷന്‍ കപ്പും നേടി ഫ്രാന്‍സ് ടീമില്‍ അംഗമായിരുന്നു. 1994 മുതല്‍ 2014 വരെയാണ് താരത്തിന്റെ ക്ലബ്ബ് കരിയര്‍. വിവിധ ക്ലബ്ബുകള്‍ക്കായി 917 മത്സരം കളിക്കുകയും 411 ഗോളുകള്‍ നേടുകയും ചെയ്തു.
ആഴ്‌സനലിന് പുറമെ മൊണാക്കോ, ജുവന്റസ്, ബാഴ്‌സലോണ, ന്യൂയോര്‍ക്ക് റെഡ് ബുള്‍സ് ടീമുകള്‍ക്കായാണ് ഹെന്റി പന്തുതട്ടിയത്. 369 കളികളില്‍ നിന്ന് 226 ഗോളുകളാണ് ആഴ്‌സനലിനായി തിയറി ഹെന്റി നേടിയത്.
ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ഫൈനലില്‍ കളിച്ചെങ്കിലും മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം ടീമില്‍ നിഴലിച്ചിരുന്നു. അടുത്ത സീസണില്‍ ഗോളടിയന്ത്രമായ തിയറി ഹെന്റി ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍നിരയില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
















