മതങ്ങള്‍ ബലമായി പരിവര്‍ത്തനങ്ങള്‍ നടത്തുകയും, ”നിങ്ങള്‍ ഇങ്ങനെ വിശ്വസിക്കുമെങ്കില്‍ നിങ്ങള്‍ മതാനുയായി, അല്ലെങ്കില്‍ നിങ്ങള്‍ കൊല്ലപ്പെടും,” എന്നു പറയുന്നേടംവരെ എത്തുകയും ചെയ്യുമ്പോള്‍ അത് മതമല്ലാതായിത്തീരുന്നു.
അതൊരു രാഷ്‌ട്രീയകക്ഷി മാത്രമായിത്തീരുന്നു. പലതരത്തിലുള്ള അനേകം രാഷ്‌ട്രീയകക്ഷികള്‍ ഉള്ളതുപോലെ മതാധിഷ്ഠിതകക്ഷികളും ഇപ്പോള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അനാവശ്യമായി ഒരു സംസ്‌കൃതിയെ വികൃതമാക്കേണ്ടതില്ല. ദാരിദ്ര്യനിര്‍മാര്‍ജനത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോള്‍, അവര്‍ക്ക് അപ്രകാരം ദാരിദ്ര്യത്തെപ്പറ്റി ഉത്കണ്ഠ ഉണ്ടെങ്കില്‍, മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കാന്‍ അവരെ പ്രേരിപ്പിക്കുന്നത് സഹാനുഭൂതിയാണെങ്കില്‍, പ്രാദേശിക ഘടനയ്‌ക്ക് കുഴപ്പം വരാത്തരീതിയില്‍ വേണം അവര്‍ അങ്ങനെ ചെയ്യാന്‍.
പ്രാദേശികഘടനയെ, തനതായുള്ള ഘടനയെ, തനതു സംസ്‌കാരമെന്താണോ അതിനെ, അവര്‍ ഉപയോഗിക്കണം. അങ്ങനെ ചെയ്തുകൊണ്ടുവേണം വിദ്യാഭ്യാസം, ആഹാരം, പുരോഗതി എന്നിവ നടപ്പാക്കേണ്ടത്. അല്ലാതെ സംസ്‌കാരങ്ങള്‍ തുടച്ചുമാറ്റിക്കൊണ്ടല്ല.
















