ഷാര്‍ജ: ന്യൂസിലാന്റിനെതിരായ മൂന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന് കൂറ്റന്‍ വിജയം. 147 റണ്‍സിന്റെ വിജയമാണ് പാക്കിസ്ഥാന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 38.2 ഓവറില്‍ 217 റണ്‍സിന് ഓള് ഔട്ടായി. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പാക്കിസ്ഥാന് 2-1ന് മുന്നിലെത്തി. 113 റണ്‍സെടുത്ത് പാക് ഇന്നിംഗ്സിന്റെ നെടുംതൂണായ അഹമ്മദ് ഷെഹ്സാദാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ 63-ല്‍ എത്തിയപ്പോള്‍ 33 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് ഹഫീസ് പുറത്തായി. പിന്നീട് 1343-ല്‍ എത്തിയപ്പോള്‍ 35 റണ്‍സെടുത്ത യൂനിസ് ഖാനും മടങ്ങി. പിന്നീട് സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ 120 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്സറുമടക്കം 113 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദും മടങ്ങി. ഇതേ സ്കോറില്‍ തന്നെ 23 റണ്‍സെടുത്ത അസദ് ഷഫീഖും മടങ്ങിയതോടെ നാലിന് 210 എന്ന നിലയിലായി. പിന്നീട് പാക് മധ്യനിരയുടെ ബാറ്റിംഗ് വിസ്ഫോടനത്തിനാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
26 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സറുമടക്കം 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും 28 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്സറുമടക്കം 39 റണ്‍സെടുത്ത ഹാരിസ് സൊഹൈലും 14 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കം 30 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സര്‍ഫ്രാസ് അഹമ്മദും 9 പന്തില്‍ നിന്ന് രണ്ട് സിക്സറടക്കം 17 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൊഹൈല്‍ തന്‍വീറും ചേര്‍ന്ന് ന്യൂസിലാന്റ് ബൗളര്‍മാര്‍ക്ക് മേല്‍ താണ്ഡവമാടിയതോടെയാണ് സ്കോര്‍ 364 റണ്‍സിലെത്തിയത്. അവസാന 12.4 ഓവറില്‍ 154 റണ്‍സാണ് പാക് താരങ്ങള്‍ അടിച്ചുകൂട്ടിയത്. ന്യൂസിലാന്റിന് വേണ്ടി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 66 റണ്‍സായപ്പോഴേക്കും മൂന്ന് മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഈ തകര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് തിരിച്ചുവരാനും കഴിഞ്ഞില്ല. 46 റണ്‍സെടുത്ത കീന്‍ വില്ല്യംസണാണ് അവരുടെ ടോപ് സ്കോറര്‍. റോഞ്ചി 41ഉം ലാഥം 34ഉം ടെയ്ലര് 31ഉം റണ്‍സെടുത്തതൊഴിച്ചാല്‍ ആര്‍ക്കും തന്നെ മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും ഹാരിസ് സൊഹൈലും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഇര്‍ഫാനും ചേര്‍ന്നാണ് ന്യൂസിലാന്റ് ബാറ്റിംഗ്നിരെ എറിഞ്ഞിട്ടത്.
















