കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും എഫ്സി ഗോവയും ഗോളടിക്കാതെ സന്ധിചെയ്തു. സ്വന്തം തട്ടകത്തില്‍ നിരാശപ്പെടുത്തുന്ന സമനില വഴങ്ങിയ കൊല്‍ക്കത്ത ടീമാണ് ഏറെ ആകുലതകളെ അഭിമുഖീകരിച്ചത്. വിരസമായ കളിയില്‍ പന്തു നേരേചൊവ്വെ നിയന്ത്രിക്കാന്‍പോലും ഇരുസംഘങ്ങളും പെടാപ്പാടുപെട്ടു. മിസ് പാസുകള്‍ തുടര്‍ക്കഥയായപ്പോള്‍ കാണികള്‍ക്ക് ടിക്കറ്റിന്റെ കാശ് നഷ്ടം.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ വന്മാറ്റങ്ങളുമായാണ് ഗോവന്‍ പട കളത്തിലെത്തിയത്. കഴിഞ്ഞ കളിയില്‍ ഇറങ്ങിയ 9 പേരെ സീക്കോ ഇക്കുറി കരയ്ക്കിരുത്തി. ഫിക്രു അടക്കമുള്ള താരങ്ങളെ അത്ലറ്റിക്കോയും പന്തുതട്ടാന്‍ വിളിച്ചില്ല. ഗോവയ്ക്കാണ് ആദ്യ മികച്ച അവസരം ലഭിച്ചത്. എന്നാല്‍ റോമിയോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് സൈഡ് നെറ്റില്‍ പതിച്ചു.
റോമിയോയുടെ മറ്റൊരു ഗോള്‍ ശ്രമവും കൊല്‍ക്കത്ത വിഫലമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇടതു വിങ്ങില്‍ നിന്ന് യാക്കൂബ് പോണ്ടായി തൊടുത്ത മനോഹരമായ ഫ്രി കിക്കിന് പൂര്‍ണതയേകാന്‍ കൊല്‍ക്കത്തയുടെ നാറ്റോയ്ക്ക് സാധിച്ചില്ല. പിന്നെ ഗോവന്‍ സ്റ്റാര്‍ റോമിയോ കൊല്‍ക്കത്തയുടെ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച ചാന്‍സ് തുലയ്ക്കുന്നതിനും ഗ്യാലറി സാക്ഷിയായി.
















