തിരുവനന്തപുരം: അടുത്ത മാസം 19 മുതല്‍ റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ മീറ്റിന് കേരളത്തില്‍ നിന്ന് 117 അംഗ സംഘം. സംസ്ഥാന സ്‌കൂള്‍ കായിക മേള സമാപിച്ചപ്പോള്‍ യോഗ്യതാ മാര്‍ക്ക് കടന്നത് രണ്ടു റിലേ ടീം ഉള്‍പ്പടെ 117 പേരാണ്. 95 ഇനങ്ങള്‍ പൂര്‍ത്തിയായതോടെ കഴിഞ്ഞ തവണത്തെ ടീമിന്റെ അതേ ഘടനയുമായാണ് കേരളം റാഞ്ചിയിലേക്ക് പോവുക.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 11 കായിക താരങ്ങളാണ് യോഗ്യത നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ 10 പേര്‍ യോഗ്യതാ മാര്‍ക്ക് പിന്നിട്ടു. സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ 18, പെണ്‍കുട്ടികള്‍ 23, സീനിയര്‍ ആണ്‍കുട്ടികള്‍ 25, പെണ്‍കുട്ടികള്‍ 27 എന്നിങ്ങനെയാണ് യോഗ്യത നേടിയത്. പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദേശീയ മീറ്റില്‍ കേരളത്തിനായി മത്സരിക്കാനിറങ്ങുക.
32 പേരാണ് പാലക്കാട് നിന്നും യോഗ്യത നേടിയത്.എറണാകുളം ജില്ലയില്‍ നിന്നും 25 കായിക താരങ്ങളും കോഴിക്കോടിനെ പ്രതിനിധീകരിച്ച് 14 പേരും ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി ട്രാക്കിലും ഫീല്‍ഡിലും പോരിനിറങ്ങും. കഴിഞ്ഞ ദേശീയ സ്‌കൂള്‍ മീറ്റില്‍ ഓേരാ ഇനത്തിലും ആറാം സ്ഥാനത്ത് എത്തിയവരുടെ പ്രകടനമാണ് സംസ്ഥാന മേളയിലെ യോഗ്യത മാര്‍ക്കായി നിശ്ചിയിച്ചിരുന്നത്.
















