ബംഗളുരു: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഓണ്‍ലൈന്‍ വഴിയുള്ള റിക്രൂട്ട്മെന്റിന് ചുക്കാന്‍ പിടിക്കുന്നവരില്‍ ബംഗളുരുവില്‍ നിന്നുള്ള മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവും ഉണ്ടെന്ന് ബ്രിട്ടനിലെ ചാനല്‍ 4 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മെഹ്‌ദി എന്ന് ആദ്യ പേരുള്ള ഇയാളുമായി തങ്ങളുടെ റിപ്പോര്‍ട്ടര്‍ സംസാരിച്ചുവെന്നും ചാനല്‍ അവകാശപ്പെട്ടു.
ഷാമി വിറ്റ്‌നസ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടൊണ് ഇയാള്‍ യുവാക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇയാളെ 17,700 പേര്‍ പിന്തുടരുന്നുണ്ട്. വാര്‍ത്ത പുറത്ത് വന്നതോടെ അക്കൗണ്ട് നശിപ്പിച്ച് കളഞ്ഞു. ജീവന് ഭീഷണിയുണ്ടാവുമെന്നതിനാല്‍ മെഹ്ദിയുടെ മുഴുവന്‍ പേര് ചാനല്‍ പുറത്തു വിട്ടിട്ടില്ല. ഏറ്റവും കൂടുതല്‍ യുവാക്കളെ ഓണ്‍ലൈന്‍വഴി ഭീകര സംഘനടയിലെത്തിക്കുന്നതിന് പിന്നില്‍ ഇയാളാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ചാനലിന്റെ വെളിപ്പെടുത്തലിനോട് ഇന്ത്യന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദേശ രാജ്യങ്ങളിലെ ജിഹാദികളില്‍ മൂന്നില്‍ രണ്ട് ഭാഗവും മെഹ്ദിയുടെ ട്വിറ്റര്‍ ഫോളോവര്‍മാരാണ്. മാതാപിതാക്കള്‍ തന്നെ ആശ്രയിച്ചല്ല കഴിയുകയായിരുന്നത് എങ്കില്‍ താന്‍ എല്ലാം ഉപേക്ഷിച്ച് ഐഎസില്‍ ചേരുമായിരുന്നെന്നും മെഹ്ദി പറഞ്ഞതായും ചാനല്‍ വെളിപ്പെടുത്തി. ബ്രിട്ടീഷ് ജിഹാദികളുമായി നിരന്തരം ബന്ധപ്പെട്ടു വന്നിരുന്നതായും മെഹ്ദി അവകാശപ്പെട്ടു.
തന്റെ ഫേസ് ബുക്ക് പേജില്‍ രസകരമായ ചിത്രങ്ങളും അമാനുഷിക സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റും ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
















