തിരുവനന്തപുരം: വെറും അഞ്ചുമാസത്തെ പരിശീലനകൊണ്ടാണ് സബ് ജൂനിയര്‍വിഭാഗം 80മീറ്റര്‍ ഹഡില്‍സില്‍ ഷിബിന്‍ സ്വര്‍ണ്ണം നേടിയത്. ജൂണിലാണ് ഷിബിനെ ഹഡില്‍ പരിശീലിപ്പിച്ചുതുടങ്ങിയത്. 100 മീറ്റിലും മത്സരത്തില്‍ പങ്കെടുക്കുവാനായി പരിശീലനം നടത്തീയിരുന്നെങ്കിലും ഹഡില്‍സില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പരിശീലകന് ബൈജുവിന്റെ കണ്ടെത്തല്‍ വിജയിക്കുകയായിരുന്നു.
മലപ്പുറം തവനൂര്‍ സ്കൂളില്‍ നിന്ന് ജൂണ്‍മാസത്തിലാണ് കോതമംഗലം മാതിരപ്പള്ളി ജിവിഎച്ച്എസ് സ്കൂളിലേക്ക് ഷിബിന്‍ എത്തുന്നത്. കായികതലത്തില്‍ ഷിബിന്‍ മികച്ചൊരുഭാവി മുന്നില്‍ കണ്ട തവനൂരിലെ അധ്യാപകന് അജയനാണ് ഏഴാംക്ലാസ്സ് വിജയിച്ചപ്പോള്‍ ഷിബിനോട് മാതിരപ്പള്ളിസ്കൂളിലേക്ക പോകുവാന്‍ നിര്‍ദ്ദേശിച്ചത്. ഫുഡ്ബോള്‍ കളിക്കുമായിരുന്ന ഷിബിന്‍ പരിശീലനം കിട്ടിയാല്‍ മികച്ച അത്ലറ്റിക്കാകും എന്ന് മനസിലാക്കിയ സ്കൂള്‍ അധികൃതര്‍ ഷിബിനെ ഏറ്റെടുക്കുകയായിരുന്നു.
സ്കൂള്‍ അധികൃതര്‍ ഷിബിനെ ഏറ്റെടുത്തത് അക്ഷരാര്‍ത്ഥത്തില്‍ ഷിബിന്റെ അച്ഛന് സുകുമാരന്‍ വലിയോരു കൈത്താങ്ങ് കൂടിയായിരുന്നു. ലോറി ഡ്രൈവര്ആയ തന്റെ സാമ്പത്തിക പരിമിതികള്‍ മകനിലെ കായിക പ്രതിഭയെ തളര്‍ത്തുമോ എന്ന ഭയം ഷിബിന്റെ അച്ഛന് സുകുമാരന്‍ ഉണ്ടായിരുന്നു. 11 വര്‍ഷം മുമ്പ് പഞ്ചായത്തില്‍ നിന്നും ലഭിച്ച 25000 രൂപകൊണ്ട് നിര്‍മ്മിച്ച വീട്ടിന്റെ പണി ഇതുവരെയും പൂര്‍ത്തീകരിക്കാനാകാത്ത കുടുംബത്തിന് ഷിബിന്റെ പഠനത്തിനും പരിശീലനത്തിനും വേണ്ട പണം കണ്ടത്തുക പ്രയാസമായിരുന്നു.
അതുകൊണ്ടാണ് അദ്ധ്യാപകന് അജയന്റെ നിര്‍ദ്ദേശം അനുസരിച്ച് ഷിബിനെ മാതിരപ്പള്ളിയിലേക്ക മാറ്റിയത്. ഷിബിന്റെ വിജയം പോലും ടിവിയിലൂടെയാണ് സുകുമാരന്‍ അറിയുന്നത്. മകനോടൊപ്പം മത്സരത്തിനെത്താന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല ഒരു ദിവസത്തെ വരുമാനം കുടുംബത്തെ പട്ടിണിയിലാഴത്തും എന്നതുകൊണ്ടാണ്.
ബീനയാണ് ഷിബിന്റെ അമ്മ. ജേഷഠന്‍ സുബിന് പ്ലസവണ്‍ വിദ്യാര്‍ത്ഥിയാണ്. ആദ്യ മത്സരത്തില്‍ തന്നെ ഷിബിന്‍ സ്വര്‍ണ്ണം നേടിയതിലുള്ള വാര്‍ത്ത പാലക്കാട് കുമ്പിടിയിലെ കൊല്ലൈപറമ്പ് വീട്ടില്‍ എത്തിയതോടെ വീടും കുമ്പിടി ഗ്രാാമവും ആഹ്ലാദത്തിലാണ്.
















