തിരുവനന്തപുരം: കന്നിയങ്കത്തില്‍ തനിക്ക് ലഭിച്ച ഇരട്ടസ്വര്‍ണ്ണം ഒരുവര്‍ഷം മുമ്പ് മരണപ്പെട്ട അമ്മയക്കു സമര്‍പ്പിക്കുകയാണ് അഞ്ജലി. സബ്ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍, 100 മീറ്റര്‍ മത്സരങ്ങളിലാണ് അഞ്ജലി സ്വര്‍ണ്ണക്കൊയ്ത് നടത്തിയത്.
അഞ്ജലിയുടെ അമ്മയുടെ സഹോദരന്‍ ശ്രീജിത്തിന്റെ തണലിലാണ് അഞ്ജലി കഴിയുന്നത്. അച്ഛന്‍ അഞ്ജലിയേയും കുടുംബത്തേയും ഉപേക്ഷിച്ചുപോയി. അതോടെ അമ്മ മാത്രമായിരുന്നു അഞ്ജലിക്ക് തുണ.
ഒരുവര്‍ഷം മുമ്പ് അമ്മ സുബി ക്യാന്‍സര്‍ ബാധിച്ച് മരിച്ചതോടെ അഞ്ജലിയെ ശ്രീജിത്ത് ഏറ്റെടുക്കുകയായിരുന്നു. തന്റെ നേട്ടം തന്നെ പ്രോത്സാഹിപ്പിച്ച അമ്മയ്‌ക്ക് സമര്‍പ്പിക്കുകയാണ് അഞ്ജലി.കഴിഞ്ഞ വര്‍ഷമാണ് അഞ്ജലി ട്രാക്കില്‍ ഇറങ്ങുന്നത്. പക്ഷെ ആ വര്‍ഷം സംസ്ഥാന സ്‌കൂള്‍മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷമാണ് അഞ്ജലി നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിയില്‍ എത്തിയത്.
അവിടന്നിങ്ങോട്ട് കോച്ച് കണ്ണന്റെ നേതൃത്വത്തിലുള്ള പരിശീലനം അഞ്ജലിയെ സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് എത്തിക്കുകയായിരുന്നു.മണ്ണില്‍ ഓടി പരിശീലിച്ചാണ് അഞ്ജലി തന്നോടെപ്പം മത്സരിച്ചവരെ തോല്‍പിച്ചത്. 100 മീറ്റര്‍ 13.12 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അഞ്ജലി സ്വര്‍ണ്ണം നേടിയത്. നാനൂറ് മീറ്റര്‍ 1 മിനിട്ടുകൊണ്ട് ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം നേടി കൊച്ചുമിടുക്കി. ഇന്ന് 200 മീറ്ററില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിയുമെന്ന വിശ്വസത്തിലാണ് അഞ്ജലിയും കോച്ച് കണ്ണനും. ജിഎപ്എച്ച്എസ്എസ്എസ്സിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി.
















