തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാടിന്റെ നിവ്യ ആന്റണി ചരിത്രം കുറിച്ചപ്പോള്‍ തിരുത്തപ്പെട്ടത് രണ്ടുവര്‍ഷം മുമ്പ് മരിയ എഴുതിച്ചേര്‍ത്ത റെക്കോര്‍ഡാണ്.
ഇന്നലെ നടന്ന വാശിയേറിയ പോള്‍വാള്‍ട്ട് മത്സരത്തില്‍ സീനിയര്പെണ്കുട്ടികളുടെ വിഭാഗത്തില്‍ മരിയ ജയ്സണ്‍ നിലവിലെ റെക്കോര്‍ഡ് തിരുത്തി ഉയരങ്ങള്‍ താണ്ടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ മരിയയുടെ 2012 ലെ 3 മീറ്ററെന്ന റെക്കോര്‍ഡാണ് 3.10 എന്ന ഉയരത്തില്‍ മറികടന്ന് നവ്യ ചരിത്രം തിരുത്തിയത്.
ഇരുവരെയും പരിശീലിപ്പിച്ചത് ഒരേ ആളെന്നത് യാദൃശ്ചികമായി. പാലാ ജെംബ്സ് അക്കാദമിയിലെ കൊട്ടാരത്തില്‍ സതീഷ്(57) കഴിഞ്ഞ നാലുവര്‍ഷമായി മരിയയുടെ കോച്ചാണ്. രണ്ടരമാസമായി നിവ്യയുടെ പരിശീലക കുപ്പായവും സതീഷിനാണ്.
ദേശീയ റെക്കോര്‍ഡ് തിരുത്താന്‍ നിവ്യ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ദേശീയതലത്തില്‍ മരിയ കഴിഞ്ഞവര്‍ഷം സ്ഥാപിച്ച 3.20 എന്ന ഉയരത്തെ കീഴടക്കാനായില്ല. കല്ലടി എച്ച് എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ നിവ്യ ആന്റണി കഴിഞ്ഞ സ്കൂള്‍ മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തിന് മത്സരിച്ചെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
പോള്‍വാള്‍ട്ടില്‍ ആദ്യമായാണ് നിവ്യ മത്സരിക്കാനെത്തിയത്. ആദ്യ അങ്കത്തില്‍ തന്നെ ചരിത്രം തിരുത്തി സ്വര്ണ്ണംനേടിയ സന്തോഷത്തിലാണ് ഈ കണ്ണൂര്കാരി.
















