തിരുവനന്തപുരം: കായിക പ്രേമികളെ ഉദ്വോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഡൈബിയും ഷെഹര്ബാനയും ഒപ്പത്തിനൊപ്പം ഓടിയെത്തി. ഒടുവില്‍ നടന്ന ഫോട്ടോ ഫിനിഷില്‍ കോട്ടയം ഭരണങ്ങാനം സെന്റ്മേരീസ് എച്ച്എസ്എസിലെ ഡൈബി സെബാസ്റ്റിയന് സംസ്ഥാന സ്കൂള്‍ കായികമേളയിലെ നൂറുമീറ്റര്‍ ഓട്ടത്തില്‍ വേഗപക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു.
എല്‍എന്‍സിപിഇ സ്റ്റേഡിയത്തിലെ നാലാം നമ്പര്‍ സിന്തറ്റിക് ട്രാക്കിലൂടെ ഡൈബി 12.90 സെക്കന്റിലാണ് നൂറുമീറ്റര്‍ ദൂരം താണ്ടിയത്. എന്നാല്‍ അഞ്ചാം ട്രാക്കിലൂടെ ഓടിയ കോഴിക്കോടിന്റെ ഷെഹര്‍ബാന സിദ്ധിഖും ഇതേ സമയത്തില്‍ ഫിനിഷ് ചെയ്തു.
ആദ്യം വിജയിഷെഹര്ബാനയെന്ന് കരുതി മാധ്യമ പ്രവര്‍ത്തകര്‍ വട്ടം കൂടി. പരാജിതയുടെ ഭാവത്തില്‍ കണ്ണുനിറച്ച് ഡൈബി മൈതാനത്തിന്റെ പച്ചപ്പിലേക്ക് നടന്നകന്നു. അപ്പോഴേക്കും ഔദ്യോഗിക സ്ഥിതീകരണമെത്തി ഫോട്ടോഫിനിഷില്‍ നേരിയ വ്യത്യാസം ഡൈബിയുടെ ചലനങ്ങളില്‍ കണ്ടറിഞ്ഞാണ് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളിലെ സ്പ്രിന്റ്താരമായി ഡൈബി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ തവണ ജിസ്നയോട് പരാജയമേറ്റുവാങ്ങി വെള്ളിമെഡലുമായി മടങ്ങേണ്ടിവന്ന ഡൈബി മിന്നുന്ന പ്രകടനത്തോടെയാണ് ഇത്തവണ സ്വര്‍ണ്ണം കൈപ്പിടിയിലൊതുക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് വിജയവാഡയില്‍ വച്ചു നടന്ന ജൂനിയര്‍ ദേശീയ കായികമേളയില്‍ ഹഡ്ഡില്സിലും ഹെപ്റ്റാത്തലിനിലും ഡൈബിക്കായിരുന്നു സ്വര്‍ണ്ണം ലഭിച്ചത്. ദേശീയതലത്തില്‍ ഹഡ്ഡില്സിലും ഹൈജംബിലും ഡൈബിയുടെ റെക്കോര്‍ഡ് തിരുത്തപ്പെട്ടിട്ടില്ല. ഇടുക്കി പുലമററം പാതിപുരയിടത്തുവീട്ടില് വിമുക്തഭടനായ ദേവസ്യയുടെയും ബീനയുടെയും മകളാണ് ഡൈബി .
















