തിരുവനന്തപുരം: ബാങ്കുകാര് വീടിനു മുന്നില്‍ ജപ്തി നോട്ടീസ് പതിച്ച വേദന ഉള്ളിലൊതുക്കി ഇല്ലായ്മകളുടെ ജേ.ഴ്സിയണിഞ്ഞ് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന് ഷിജോ എത്തിയത് ചരിത്രം കുറിക്കാന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്ക്കസ്ത്രോയില്‍ പുതിയ റെക്കോര്‍ഡുമായാണ് ഷിജോ ഇന്നലെ മീറ്റിന്റെ താരമായത്.
എറണാകുളം ജില്ലയിലെ മാതിരപ്പള്ളി വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷിജോ മാത്യു. 2012-ല്‍ തിരുവനന്തപുരം മീറ്റില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ വിവേക് സ്ഥാപിച്ച 39.77 മീറ്ററിന്റെ റെക്കോര്‍ഡാണ് 40.71 മീറ്റര്‍ ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞ് ഷിജോ സ്വന്തമാക്കിയത്. 2013-ല്‍ എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റില്‍ ജാവലിന്‍ത്രോയിലും ഷിജോ പൊന്നണിഞ്ഞിരുന്നു. ഇക്കുറിയും ജാവലിന്‍ത്രോയില്‍ സ്വര്‍ണ്ണം നേടാനുള്ള തയ്യാറെടുപ്പിലാണ് ഈ റെക്കോര്ഡുകാരന്.
ആലപ്പുഴ കാഞ്ഞിരംചിറ വേലിയകത്തു വീട്ടില്‍ വി.ജെ. മാത്യു-ലൂസിമോള്‍ ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തയാളാണ് ഷിജോ മാത്യു. ആലപ്പുഴ മേഖലയില്‍ തകര്‍ന്നടിഞ്ഞ കയര്‍ വ്യവസായം ഷിജോയുടെ കുടുംബത്തെയും സാരമായി ബാധിച്ചു. കടബാധ്യതയില്‍പ്പെട്ട് കുടുംബം നിത്യവൃത്തിക്കുപോലും ഗതിയില്ലാതെ വലയുമ്പോഴാണ് മൂന്നു ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത 3.50 ലക്ഷം രൂപ തിരിച്ചടക്കാത്തതിനാല്‍ കഴിഞ്ഞ ദിവസം വീടിന്റെ ചുമരില്‍ ജപ്തി നോട്ടീസ് പതിഞ്ഞു. രോഗിയായ അച്ഛനും അമ്മയും അനുജന് ഷിനു മാത്യുവും നിര്‍ബന്ധിച്ചാണ് വേദനയടക്കി ഷിജോയെ മത്സരത്തിനെത്തിച്ചത്.
പരിശീലന ഘട്ടങ്ങളില്‍ 44 മീറ്ററോളം ദൂരത്തേക്ക് ഡിസ്ക് എറിഞ്ഞിരുന്ന ഷിജോയ്ക്ക് അതേപ്രകടനം എല്‍എന്‍സിപിഇയിലെ മൈതാനത്ത് കാഴ്ചവെക്കാനായില്ല. സാധാരണയായി അനുവദിക്കാറുള്ള ഫൈബര്‍ ഡിസ്ക്കിന് പകരം തടിയില്‍ നിര്‍മിച്ച ഡിസ്ക്കും മാനസിക സമ്മര്‍ദ്ദവുമാണ് ഈ ദൂരം കണ്ടെത്താന്‍ കഴിയാതിരുന്നതിന് പിന്നിലെന്ന് ഷിജോ പറഞ്ഞു. കോതമംഗലത്ത് പഴയകാല കായിക പ്രതിഭകള്‍ ചേര്‍ന്നു സ്ഥാപിച്ച മാതിരപ്പിള്ളി അത്ലറ്റിക് അക്കാദമിയിലാണ് ഷിജോ പരിശീലനം നടത്തുന്നത്. പി.ഐ. ബാബുവാണ് പരിശീലകന്.
സ്പോര്‍ട്സ് കൗണ്‍സിലില്‍ സെലക്ഷന് ലഭിച്ചിട്ടുള്ള ഷിജോ പരാധീനതകളുടെ നടുവില്‍ പകച്ചുനില്‍ക്കുമ്പോഴും അടങ്ങാത്ത കായികാഭിനിവേശമാണ് ഡിസ്ക്കസ്ത്രോയില്‍ ചരിത്രവിജയം കീഴടക്കുവാന്‍ പ്രേരിപ്പിച്ചത്. വിജയാരവങ്ങള്‍ മുഴക്കിയ സഹപാഠികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും ഷിജോയുടെ കണ്ണില്‍ നിന്നടര്‍ന്നുവീണ നീര്മുത്തുകള് ആരും കണ്ടില്ല.
















