ജാവലിന്‍ ത്രോയില്‍ ചെമ്പൂച്ചിറ ഗവ. എച്ച്എസ്എസിലെ കിരണ്‍ നാഥ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടുന്നു
തിരുവനന്തപുരം: മുളംതണ്ട് വീശിയെറിഞ്ഞ് സഹപാഠികളെ വിസ്മയിപ്പിച്ച കിരണ്‍നാഥിലെ പ്രതിഭയെ കണ്ടെത്തിയത് ജേസിയോണ്‍ എന്ന കായികാധ്യാപികയായിരുന്നു. ജാവലിന്‍ ത്രോയില്‍ പറയത്തക്ക പരിചയമൊന്നുമില്ലെങ്കിലും ജേസിയോണെന്ന പഴയ ഹൈജമ്പ് താരമാണ് കിരണ്‍നാഥിന് ജാവലിന്‍ എറിയാന്‍ പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്. നീളന്‍ മുളംതണ്ട് ചുഴറ്റിയെറിയാന്‍ അങ്ങനെ വളയിട്ട കൈകള്‍ ഗുരുവായെത്തി.
തൃശൂര്‍ ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കിരണ്‍നാഥ് ശീലിച്ച മുളംതണ്ടിനു പകരം ലോഹനിര്‍മിത ജാവലിന്‍ കയ്യിലേന്തിയപ്പോഴും തിരുത്തിയത് നിലവിലെ റെക്കോര്‍ഡായിരുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 47 മീറ്ററെന്ന പഴയ റെക്കോര്‍ഡാണ് 50.99 മീറ്റര്‍ എറിഞ്ഞ് കിരണ്‍നാഥ് പഴങ്കഥയാക്കിയത്.
ഇക്കഴിഞ്ഞ തൃശൂര്‍ റവന്യൂ ജില്ലാ കായികമേളയിലാണ് ലോഹത്തില്‍ നിര്‍മ്മിച്ച ജാവലിന്‍ ആദ്യമായി കിരണ്‍ കയ്യിലേന്തുന്നത്. മുളംതണ്ടുപോലെ നിഷ്പ്രയാസമല്ലെങ്കിലും ദിവസങ്ങള്‍ നീണ്ടുനിന്ന കഠിന പരിശീലനത്തിനൊടുവില്‍ സ്റ്റീല്‍ ജാവലിന്‍ കിരണിന്റെ കൈകള്‍ക്ക് വഴങ്ങി.
അഞ്ചുവര്‍ഷം മുമ്പ് സ്‌കൂളില്‍ ജോസിയോണ്‍ ടീച്ചര്‍ കായികാധ്യാപികയായി എത്തിയതാണ് കിരണിന്റെ കായികജീവിതത്തിനും തുടക്കമായത്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്തെങ്കിലും ഏഴാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടിവന്നു.
ഇക്കുറി സ്വര്‍ണ്ണം നേടണമെന്ന ലക്ഷ്യത്തോടെയാണ് കിരണ്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം അനന്തപുരിയിലേക്ക് വണ്ടികയറിയത്.പത്തരമാറ്റ് തിളക്കവുമായി നില്‍ക്കുമ്പോഴും പരിശീലക ജേസി ടീച്ചര്‍ ഒപ്പമില്ലെന്ന സങ്കടത്തിലാണ് കിരണ്‍നാഥ്. സുഖമില്ലാത്തതിനാല്‍ ദീര്‍ഘദൂരയാത്ര ഒഴിവാക്കുകയായിരുന്നു പരിശീലക. തൃശൂര്‍ നൂല്‍വള്ളി പഞ്ചുപ്പറമ്പില്‍ സ്വാമിനാഥന്‍-ബിന്ദു ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയയാളാണ് കിരണ്‍നാഥ്.
















