അജ്ഞതയില്‍ കഴിയുന്ന കാലത്തോളം സ്വാര്‍ത്ഥത അഹന്ത ആസക്തി എന്നീ ഇതര വികാരങ്ങള്‍ ഒരാളില്‍ നിലനില്‍ക്കുകതന്നെ ചെയ്യും. പക്ഷേ അമ്മയില്‍നിന്നു പരിപാവനമായ മുഹൂര്‍ത്തത്തില്‍ മന്ത്രോപദേശം നേടിയ നിങ്ങള്‍ അജ്ഞരേയല്ല.
നിങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ ഗുരുവാക്യമാകുന്ന ജ്ഞാനപ്രകാശമുണ്ട്. നിങ്ങള്‍ അജ്ഞതയുടെ രൂപപ്രത്തെക്കുറിച്ച് ബോധവാന്മാരാകണം. സ്വന്തം കുറവുകളേയും വന്നുചേരുന്ന തെറ്റുകളേയും ശരിയായി മനസ്സിലാക്കി പരിഹരിക്കുവാന്‍ ശ്രമിക്കുക.
ലോകം നിങ്ങളുട കര്‍മ്മങ്ങളെയാണു വീക്ഷിക്കുന്നത്. ഈശ്വരനാകട്ടെ നിങ്ങളുടെ മനോഭാവങ്ങളെയും അറിയുന്നുണ്ട്. ഈശ്വരദര്‍ശനാഭി വാഞ്ച അത്യന്തം തീക്ഷ്ണമാകണം. അത് ശക്തിമത്തായ അഗ്നിജ്വാലപോലെ നിങ്ങളില്‍ കത്തിക്കാളണം. ഒരു മരം അഗ്നിയില്‍ എരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതില്‍ പക്ഷികള്‍ക്കോ മറ്റു ജീവികള്‍ക്കോ വസിക്കാന്‍ പറ്റുകയില്ല. അതുപോലെ നിങ്ങളുടെ മനസ്സ് ഈശ്വരാഭിനിവേശംകൊണ്ട് ആളിക്കത്തുമ്പോള്‍ സകലവിധ മോഹങ്ങളും കൊഴിഞ്ഞുപോകും. മോഹങ്ങളെ ഒന്നൊന്നായി അടിച്ചമര്‍ത്തുക എന്നത് അവസാനമില്ലാത്ത ജോലിയാണ്. അഭിലാഷങ്ങളെ ഈശ്വരനിലേക്ക് തിരിച്ചുവിടുകയാണു ഫലപ്രദമായ സമീപനം. മനോ നിയന്ത്രണത്തിനുള്ള സുനിശ്ചിതമാര്‍ഗ്ഗവും ഇതുതന്നെ.
വാക്ശുദ്ധി മനോനിയന്ത്രണത്തിന്റെ മറ്റൊരു രൂപമാണ്. നിങ്ങള്‍ പറയുന്നതേതും സത്യമായിരിക്കണം. തമാശയായിപോലും അസത്യം പറയരുത്. മനഘന ആശ്വാസദായകമായ ഒരു ഔഷധമാണു സത്യം.
നിങ്ങളുടെ വാക്കുകള്‍ ഒരിക്കലും പരുഷമായിരിക്കരുത് മക്കളേ. ചുണ്ടില്‍നിന്ന് അടര്‍ന്നുവീഴുന്ന ഓരോ വാക്കും ഹിതമായിരിക്കണം. വിനയാന്വിതമായിരിക്കണം. സൗമ്യമായിരിക്കണം. മധുരമായിരിക്കണം.
നുണ പറച്ചില്‍ ആത്മപ്രശംസ അപവാദപ്രചരണം മറ്റുള്ളവരില്‍ ദുരുദ്ദേശങ്ങളാരോപിക്കല്‍ എന്നും പരാതി പറച്ചില്‍ ഇവയെല്ലാം വാചികമായ നിയന്ത്രണ രാഹിത്യത്തെയാണു സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്കാവശ്യത്തിനുമാത്രം സംസാരിക്കുക. അല്ലാത്തപ്പോള്‍ ഏകാന്തതയിലേക്ക് പിന്‍വാങ്ങി മനനത്തില്‍ പ്രശാന്തചിത്തരായി വര്‍ത്തിക്കണം. ഈശ്വരനെയും ഈശ്വരമഹിമകളെയുംപറ്റിമാത്രം മറ്റുള്ളവരോട് സംസാരിക്കുക. ഇത് ബ്രഹ്മാഭ്യാസത്തിന്റെ ഒരു ഭാഗമാണ്. ഒരു സംഭാഷണവും അമിതമാകരുത്. അതിഭാഷണം മനസ്സിനെ ഓജസ്സിനെ നഷ്ടപ്പെടുത്തും. അതിനാല്‍ കഴിയുന്നതും ഏകാന്തതയില്‍ വര്‍ണിച്ച് മനസ്സിനെ നിശ്ചലമാക്കുവാന്‍ ശ്രമിക്കുവിന്‍.
– ശ്രീ രമാദേവി
















