തിരുവനന്തപുരം: അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് കൊടിയേറ്റം. ഇനിയുള്ള നാല് ദിനം പുതിയ വേഗവും ദൂരവും ഉയരവും കണ്ടെത്താനുള്ള കൗമാര കായികകേരളത്തിന്റെ കുതിപ്പുകള്‍ക്ക്് .
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണ് മീറ്റില്‍ പോരാട്ടം . ജില്ലാചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1,350 ആണ്‍കുട്ടികളും 1,207 പെണ്‍കുട്ടികളും അടക്കം 2,557 കായികതാരങ്ങളാണ് മേളയില്‍ മാറ്റുരയ്‌ക്കാനെത്തുക.
ഇന്ന് രാവിലെ 7ന് സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ ഓട്ടത്തോടെയാണ് മീറ്റിന് തുടക്കമാവുക. തുടര്‍ന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ട മത്സരവും നടക്കും.
മീറ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 750, 625, 500 എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പ് നേടുന്നവര്‍ക്ക് രണ്ടു ഗ്രാം വീതമുള്ള സ്വര്‍ണമെഡലും, സംസ്ഥാന റെക്കോര്‍ഡുകള്‍ക്ക് 2,000, ദേശീയ റെക്കോര്‍ഡുകള്‍ക്ക് 5,000 രൂപയും നല്‍കും. ചാമ്പ്യന്‍ഷിപ്പ് നേടുന്ന സ്‌കൂളിന് 1.1 ലക്ഷം രൂപയാണ് പാരിതോഷികം. രണ്ടാം സ്ഥാനത്തിന് 82,500 രൂപയും മൂന്നാം സ്ഥാനത്തിന് 5,500 രൂപയും നല്‍കും.
നവംബറില്‍ നടക്കേണ്ടിയിരുന്ന സ്‌കൂള്‍ കായികമേളക്കാണ് ഇന്ന് തിരിതെളിയുന്നത്. ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിച്ചതിനെ തുടര്‍ന്ന് പല റവന്യൂ ജില്ലാമീറ്റുകളും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നായിരുന്നു മീറ്റ് മാറ്റിവെക്കേണ്ടിവന്നത്.
കഴിഞ്ഞ വര്‍ഷം എറണാകുളത്ത് 251 പോയിന്റ് നേടിയാണ് ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം എറണാകുളം കിരീടം ചൂടിയത്. പാലക്കാട് 218 പോയിന്റോടെ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനം കോഴിക്കോടും നാലാം സ്ഥാനത്ത് മലപ്പുറവുമായിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ജില്ലയും മുന്‍ ചാമ്പ്യന്മാരായ പാലക്കാടും തമ്മിലായിരിക്കും ഇത്തവണയും കിരീടപോരാട്ടം. രാവിലെ ഏഴിന് മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും ഒന്‍പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിക്കുന്ന എല്‍. രാജന്‍ പതാക ഉയര്‍ത്തും. വൈകീട്ട് മൂന്നരയ്‌ക്ക് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. സമാപനദിവസമായ 11ന് വൈകീട്ട് നാലിന് നടക്കുന്നചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും.
മേളയിലെത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ്. ഇന്നലത്തെ രാത്രിഭക്ഷണം മുതലാണ് അടുക്കള സജീവമായത്. ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയ്‌ക്ക് പുറമെ പ്രാതലിന് പാല്‍, മുട്ട, പഴം, അത്താഴത്തിന് മാംസാഹാരം എന്നിവയും കായികതാരങ്ങള്‍ക്ക് നല്‍കും.
















