കൃഷ്ണഗിരി (വയനാട്): കേരളവും ഗോവയും തമ്മിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ഇന്നു തുടക്കം. കളിയുടെ ഉദ്ഘാടനം രാവിലെ 8.45ന് മുന്‍ ഇന്ത്യന്‍ താരം ഗുണ്ടപ്പ വിശ്വനാഥ് നിര്‍വ്വഹിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ കൃഷ്ണഗിരി സ്‌റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇരു ടീമുകളും നേരത്തെ വയനാട്ടിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം, ബിസിസിഐ ക്യൂറേറ്റര്‍ പി. ആര്‍. വിശ്വനാഥ് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ പിച്ചും ഔട്ട്ഫീല്‍ഡും പരിശോധിച്ചു. മുന്‍ ഇന്ത്യന്‍ താരം സായ് രാജ് ബഹുതുലെയുടെ പരിശീലനത്തില്‍ ആദ്യമായാണ് കേരള ടീം രഞ്ജി കളിക്കാനിറങ്ങുന്നത്. ടിനു യോഹന്നാനാണ് കേരളത്തിന്റെ ബൗളിങ്ങ് കോച്ച്.
















