കൊല്‍ക്കത്ത: ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസിന് ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ പുതിയ റോള്‍. കെകെആറിന്റെ മാര്‍ഗനിര്‍ദേശകനായും ബാറ്റിംഗ് ഉപദേശകനായും കാലിസിനെ നമുക്ക് ഇനി കാണാം. കാലിസും ടീമുമായുള്ള ബന്ധം തുടരുന്നതു സംബന്ധിച്ച് നൈറ്റ് റൈഡേഴ്സ് അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തി.
കഴിഞ്ഞ നാലു വര്‍ഷമായി നൈറ്റ് റൈഡേഴ്സ് എന്റെ കുടുംബം പോലെയാണ്. ടീം മാനേജ്മെന്റുമായും കളിക്കാരുമായും ഊഷ്മള ബന്ധമുണ്ട്, കാലിസ് പറഞ്ഞു. ഒരുവര്‍ഷത്തിലേറെയായി ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുന്നു.
ദീര്‍ഘകാല ഉടമ്പടിക്കുള്ള വാഗ്ദാനം നൈറ്റ് റൈഡേഴ്സ് മുന്നില്‍വച്ചപ്പോള്‍ അമാന്തിക്കേണ്ടിവന്നില്ലെന്നും കാലിസ് കൂട്ടിച്ചേര്‍ത്തു. കളിക്കാരനെന്ന നിലയില്‍ 2011 മുതല്‍ നൈറ്റ് റൈഡേഴ്സിന്റെ ക്യാംപിലുള്ള കാലിസ് രണ്ടുവട്ടം (2012, 2014) ടീമിനെ ഐപിഎല്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 2014ലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ കൊല്‍ക്കത്ത റണ്ണേഴ്സപ്പ് ആയപ്പോഴും കാലിസ് മികച്ച പ്രകടനം പുറത്തെടുക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: