കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അവസാന റൗണ്ടിലേക്ക് കടന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനല്‍ സ്വപ്നങ്ങള്‍ സഫലമാകണമെങ്കില്‍ പൂനെ സിറ്റി എഫ്സി, ദല്‍ഹി ഡൈനാമോസ്, മുംബൈ സിറ്റി എഫ്സി എന്നീ ടീമുകള്‍ കനിയണം.
നിലവില്‍ 13 കളികള്‍ പൂര്‍ത്തിയാക്കി 22 പോയിന്റുമായി ചെന്നൈയിന് എഫ്സിയും 21 പോയിന്റ് നേടിയ എഫ്സി ഗോവയും മാത്രമേ സെമിഫൈനലില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ളു.
12 കളികളില്‍ നിന്ന് 18 പോയിന്റുമായി അത്ലറ്റികോ ഡി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തുണ്ട്. 12 കളികളില്‍ നിന്ന് 16 പോയിന്റുള്ള പൂനെ സിറ്റി അഞ്ചാമതും 13 കളികളില്‍ നിന്ന് 16 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തുമാണ്.
ദല്‍ഹി ഡൈനാമോസ് (12 കളികളില്‍ നിന്ന് 14 പോയിന്റ്) നോര്‍ത്ത് ഈസ്റ്റ് (13 കളികളില്‍ നിന്ന് 14 പോയിന്റ്) മുംബൈ (12 കളികളില്‍ നിന്ന് 12 പോയിന്റ്) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ സ്ഥിതി.
പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നില്ക്കുന്ന ചെന്നൈയിന് എഫ്സിയും ഗോവ എഫ്സിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തങ്ങളുടെ ബാക്കിയുള്ള രണ്ട് മത്സരങ്ങളിലും വിജയിക്കുന്നതിനൊപ്പം ബ്ലാസ്റ്റേഴ്സ് പൂനെയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ സെമി സ്വപ്നങ്ങള്‍ക്ക് നിറം വയ്ക്കും. നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷ തുലാസിലാണ്. അവരുടെ അവസാന മത്സരം 9ന് കൊച്ചിയില്‍ പൂനെക്കെതിരെയാണ്.
പൂനെക്ക് ഇതിന് മുന്നേ ഒരു കളി കൂടിയുണ്ട്. ദല്‍ഹി ഡൈനാമോസുമായി. ഈ മത്സരം സമനിലയില്‍ കലാശിക്കുകയും ബ്ലാസ്റ്റേഴ്സ് പൂനെ പരാജയപ്പെടുത്തുകയും ചെയ്താലേ ബ്ലാസ്റ്റേഴ്സിന് നേരിയ സാധ്യത നിലനിര്‍ത്താന്‍ കഴിയൂ. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള മുംബൈ സിറ്റി എഫ്സി 7ന് അത്ലറ്റികോ ഡി കൊല്‍ക്കത്തയോടും 10ന് നോര്‍ത്ത് ഈസ്റ്റിനോടും സമനില പാലിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ മുംബൈക്ക് 14 പോയിന്റേ സ്വന്തമാവൂ. നോര്‍ത്ത് ഈസ്റ്റിന് 15 പോയിന്റുമാവും. അതേസമയം, മുംബൈ പരാജയപ്പെടുത്തിയാല്‍ നോര്‍ത്ത് ഈസ്റ്റിന് 17 പോയിന്റാവുമെങ്കിലും സെമി പ്രതീക്ഷക്ക് വകയില്ല. അതുപോലെ മുംബൈക്കും വലിയ സാധ്യതയൊന്നുമില്ല. നോര്‍ത്ത് ഈസ്റ്റിന് പുറമെ മറ്റൊരു കളിയില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയാണ് മുംബൈയുടെ എതിരാളികള്‍. ബാക്കിയുള്ള രണ്ട് കളികളില്‍ ജയിച്ചാലും അവര്‍ക്ക് 18 പോയിന്റ് മാത്രമാണുണ്ടാവുക.
ദല്‍ഹി ഡൈനാമോസിന്റെ കാര്യമെടുത്താല്‍ പൂനെക്കെതിരെയും ചെന്നൈയിന് എഫ്സിക്കെതിരെയും സമനില പാലിക്കണം. രണ്ട് കളികളിലും ദല്‍ഹി ജയിച്ചാല്‍ അവര്‍ക്ക് 20 പോയിന്റാവും.
മറിച്ച് രണ്ട് കളികളും സമനിലയില്‍ കലാശിച്ചാല്‍ അവര്‍ക്ക് 16 പോയിന്റ് കൊണ്ട് തൃപ്തിപ്പെട്ട് സെമി കാണാതെ പുറത്തുപോകാം. ദല്‍ഹിക്കെതിരെ പൂനെ സമിയില്‍ കുടുങ്ങുകയോ തോല്‍ക്കുകയോ ചെയ്യുകയും ബ്ലാസ്റ്റേഴ്സ് പൂനെയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ 19 പോയിന്റുമായി അവസാന നാലില്‍ ഇടംപിടിക്കാനുള്ള സാധ്യത ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഉയരുകയും ചെയ്യും.
ചുരുക്കത്തില്‍ ബ്ലാസ്റ്റേഴ്സ് മാത്രം വിജയിക്കുകയും പൂനെയും ദല്‍ഹിയും മുംബൈയും ഉള്‍പ്പെടെയുള്ളവര്‍ ജയിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ ബ്ലാസ്റ്റേഴ്സിന് രക്ഷയുള്ളൂ എന്ന് ചുരുക്കം.
അതേസമയം, മറ്റ് മത്സരങ്ങളുടെ ഫലങ്ങള്‍ക്ക് വേണ്ടികാത്തിരുന്നാലും പൂനെക്കതിരായ അവസാന മത്സരത്തില്‍ സമനില പാലിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍ കടക്കാതെ പുറത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: