കൊച്ചി: പതിവു ശാപം വിട്ടൊഴിയാത്ത കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം മൈതാനത്ത് സമനില. ഇന്നലെ നോര്‍ത്ത് ഈസ്റ്റ് എഫ്സിക്കെതിരെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന് ഗോള്‍രഹിത സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതിനു കാരണം സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയും.
കളംനിറഞ്ഞു കളിച്ചിട്ടും ഇയാന്‍ ഹ്യൂമും മിലാറസ് ഗൊണ്‍സാല്‍വസും പകരക്കാരായി ഇറങ്ങിയ മൈക്കല്‍ ചോപ്രയും ആന്‍ഡ്രൂ ബരിസിച്ചും അവസരങ്ങള്‍ നശിപ്പിക്കാന്‍ മത്സരിച്ചു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകള്‍ക്കും ഏറെക്കുറെ വിരാമമായി. 13 കൡകളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് കേരളാ ടീം. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഇനി അത്ഭുതങ്ങള്‍ കാട്ടേണ്ടിവരും.
ജയം ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റിനെതിരെ വന്‍ അഴിച്ചുപണി നടത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങള്‍ വരുത്തി. അതില്‍ പ്രധാനം സൂപ്പര്‍താരവും ഗോളിയുമായ ഡേവിഡ് ജെയിംസ് പുറത്തിരുന്നത് തന്നെ.
ജെയിംസിന് ബദലായി സന്ദീപ് നന്ദി വല കാത്തു. എന്നാല്‍ സെഡ്രിക് ഹെംഗ്ബര്‍ട്ട് അവിനാബോ ബാഗിന് പകരം ആദ്യഇലവനില്‍ സ്ഥാനം പിടിച്ചു.
പ്രതിരോധത്തിലെ സൂപ്പര്‍താരം സന്തേശ് ജിംഗാന് ടൂര്‍ണമെന്റില്‍ ആദ്യമായി ഒന്നാം സംഘത്തില്‍ നിന്ന് പുറത്തായി. പരിക്കേറ്റ ജിംഗാന് പകരമായി ക്യാപ്ടന് പെന്‍ ഓജി വന്നു. റാഫേല്‍ റോമിക്ക് പകരം നിര്‍മല്‍ ഛേത്രിയും കോളിന് ഫാല്‍വെക്ക് പകരം മെഹ്താബ് ഹുസൈനും സബീത്തിന് പകരം സ്പാനിഷ് താരം വിക്ടര്‍ ഹെരേരയും കളംതൊട്ടത് ഇതര മാറ്റങ്ങള്‍.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇടതുവിംഗില്‍ നിന്ന് ഹ്യൂം ബോക്സിലേക്ക് നല്കിയ ക്രോസിന് മിലാഗ്രസ് തലവെക്കാന്‍ ശ്രമിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് താരം അപകടം ഒഴിവാക്കി.
ആറാം മിനിറ്റില്‍ പിയേഴ്സണ്‍ ബോക്സിലേക്ക് നല്കിയ ക്രോസ് ഹ്യൂം ഹെഡ്ഡ് ചെയ്തെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി പന്ത് അനായാസം കൈപ്പിടിയിലൊതുക്കി. എട്ടാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ സുന്ദരമായ മുന്നേറ്റം.
ഹ്യൂം ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് മിലാഗ്രസ് കാലിലൊതുക്കുമ്പോള് മുന്നില്‍ എതിര്‍ഗോളി മാത്രം. എന്നാല്‍ മിലാഗ്രസിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി തട്ടിയകറ്റി. റീബൗണ്ട് പിടിച്ച ഹ്യൂം പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചു. പിന്നീട് 12-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം കൈവന്നെങ്കിലും ഹ്യൂം കണക്ട് ചെയ്യുന്നതിന് മുന്നേ രഹനേഷ് അഡ്വാന്‍സ് ചെയ്ത് കയറി നിര്‍വീര്യമാക്കി.
16-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി പുറത്തെടുത്തു. 26-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറകൊണ്ടു. ഗ്വില്ലര്‍മോ കാസ്ട്രോ എടുത്ത ഒരു കോര്‍ണറിനൊടുവില്‍ മിഗ്വേല്‍ ഗാര്‍ഷ്യ ഹെഡ്ഡറിലൂടെ പന്ത് ബ്ലാസ്റ്റേഴ്സ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും മെഹ്താബ് ഹുസൈന്റെ ഗോള്‍ലൈന്‍ സേവ് രക്ഷയ്ക്കെത്തി.
32-ാം മിനിറ്റില്‍ 30 മീറ്റര്‍ അകലെ നിന്ന് ബ്ലാസ്റ്റേഴ്സിന് ഒരു ഫ്രീ കിക്ക് ലഭിച്ചു. എന്നാല്‍ മക് അലിസ്റ്റര്‍ എടുത്ത കിക്ക് ക്രോസ് ബാറിനെ ചുംബിച്ച് പുറത്തേക്ക് പറന്നു. പിയേഴ്സണ്‍ എടുത്ത കോര്‍ണറിന് ബ്ലാസ്റ്റേഴ്സ് താരം നിര്‍മല്‍ ഛേത്രി വെടിയുണ്ട കണക്കെ ഹെഡ്ഡ് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തിന് ബാറിന് മുകളിലൂടെ പാഞ്ഞു. പിന്നീട് ഇഞ്ചുറി സമയത്ത് കീനിന്റെ പാസില്‍ നിന്ന് ഗ്വില്ലര്‍മോ ബോക്സിന് തൊട്ടുപുറത്തുനിന്ന് തൊടുത്ത ബുള്ളറ്റ് ലോംഗ് റേഞ്ച് ബ്ലാസ്റ്റേഴ്സ് ഗോളി നന്ദി അതിസാഹസികമായി കുത്തിയകറ്റി.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമായിരുന്നു മൈതാനത്ത് കണ്ടത്. 48-ാം മിനിറ്റില്‍ മിലാഗ്രസും ഹ്യൂമും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ഓര്‍ജിക്ക് പന്ത് ലഭിച്ചു. ഓര്‍ജി വീണ്ടും ഹ്യൂമിന് പാസ് ചെയ്തു. പക്ഷേ ഹ്യൂമിന്റെ വോളി പുറത്തേക്ക് പോയി.
60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മിലാഗ്രസിന് വീണ്ടും ഒരു അര്‍ധാവസരം ലഭിച്ചെങ്കിലും മുതലെടുക്കാന്‍ കഴിഞ്ഞില്ല. 63-ാം മിനിറ്റില്‍ വിക്ടര്‍ ഹെരേരയെ തിരിച്ചുവിളിച്ച് മൈക്കല്‍ ചോപ്രയെ ബ്ലാസ്റ്റേഴ്സ് ഇറക്കി. പിന്നീട് 69-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മോഹത്തിന് പോസ്റ്റ് വിലങ്ങുതടി തീര്‍ത്തു.അലിസ്റ്റര്‍ എടുത്ത കോര്‍ണര്‍ കിക്കിന് ഛേത്രി തലവെച്ചെങ്കിലും സൈഡ് പോസ്റ്റില്‍ തട്ടിയതോടെ ഇതു ബ്ലാസ്റ്റേഴ്സിന്റെ ദിനമല്ലെന്ന് ഉറപ്പായി.
75-ാം മിനിറ്റില്‍ കൊച്ചിയിലെ ആദ്യ ചുവപ്പുകാര്‍ഡ് റഫറി പുറത്തെടുത്തു. ചോപ്രക്കെതിരെ കയ്യാങ്കളിക്ക് മുതിര്‍ന്ന നോര്‍ത്ത് ഈസ്റ്റ് സ്ട്രൈക്കര്‍ ജെയിംസ് കീനിനാണ് റെഡ് കാര്‍ഡ് നല്‍കിയത്. പന്തിന് വേണ്ടി പൊരുതുന്നതിനിടെ രണ്ടുപേരും നിലത്തുവീണു. എഴുന്നേറ്റുവന്ന കീന്‍ ചോപ്രയുടെ മുഖത്ത് അടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. ചോപ്രക്ക് മഞ്ഞകാര്‍ഡും ലഭിച്ചു. അവസാന മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റും ബ്ലാസ്റ്റേഴ്സും മിന്നുന്ന ചില നീക്കങ്ങള്‍ മെനഞ്ഞെങ്കിലും അവയ്ക്കൊന്നും ഗോള്‍ വല കാണാന്‍ കഴിയാതിരുന്നതോടെ അങ്കം സമനിലയില്‍ കലാശിച്ചു. 9ന് കൊച്ചിയില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ പൂനെ സിറ്റി എഫ്സിയുമായി ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: