സൂറിച്ച്: ഈ വര്‍ഷത്തെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് നല്കുന്ന ഫിഫ ബാലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.
റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നാല് തവണ അവാര്‍ഡ് നേടിയ ബാഴ്സയുടെ സൂപ്പര്‍ ഹീറോ ലയണല്‍ മെസ്സി, ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍കീപ്പര്‍ മാന്വല്‍ ന്യൂയര്‍ എന്നിവരാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്. നേരത്തെ പ്രഖ്യാപിച്ച 23 അംഗ ലിസ്റ്റില്‍ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
ന്യൂയര്‍ ആദ്യമായാണ് അന്തിമ പട്ടികയില്‍ ഇടംപിടിക്കുന്നത്. ഇക്കഴിഞ്ഞ ബ്രസീല്‍ ലോകകപ്പ് കിരീടം നേടിയ ജര്‍മ്മന്‍ ടീമിന്റെയും കഴിഞ്ഞ രണ്ട് സീസണില്‍ ജര്‍മ്മന്‍ ലീഗ് കിരീടം നേടിയ ബയേണ്‍ മ്യൂണിക്കിന്റെയും ഗോള്‍കീപ്പറാണ് ന്യൂയര്‍. ഈ മികവാണ് ന്യൂയര്‍ക്ക് അവസാന പട്ടികയില്‍ ഇടംനേടിക്കൊടുത്തത്.
ഫിഫയുടെ ലോകഫുട്ബോളര്‍ പുരസ്കാരവും ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്റെ പ്രശസ്ത പുരസ്കാരമായിരുന്ന ബാലണ്‍ ഡി ഓറും ഒരുമിപ്പിച്ചു ഫിഫ ബാലണ്‍ ഡി ഓര് പുരസ്കാരം എന്നാക്കിയത് 2010ലാണ്. അതിനു ശേഷം മെസ്സിയും ക്രിസ്റ്റിയാനോയും മാത്രമേ ഇതുവരെ ജേതാക്കളായിട്ടുള്ളൂ.
വനിതാ വിഭാഗത്തില്‍ ജര്‍മ്മനിയുടെ നദീനെ കെസ്സ്ലര്‍, ബ്രസീലിന്റെ മാര്‍ത്ത, അമേരിക്കയുടെ അബി വാംബാക്ക് എന്നിവരാണ് അവസാന പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഫിഫ കോച്ച് ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള അവസാന പട്ടികയില്‍ റയല്‍ പരിശീലകന് കാര്‍ലോ ആന്‍സലോട്ടി, ജര്‍മ്മനിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ജോക്വിം ലൗ, അത്ലറ്റികോ മാഡ്രിഡിന്റെ ഡീഗോ സിമോണെ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ബയേണ്‍ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറിയെയും ബാഴ്സയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിയെയും പിന്തള്ളിയാണ് പോര്‍ച്ചുഗല്‍ നായകനും റയല്‍ മാഡ്രിഡിന്റെ ഗോളടിയന്ത്രവുമായ ക്രിസ്റ്റിയാനോ ബാലണ്‍ ഡി ഓര് പുരസ്കാരം സ്വന്തമാക്കിയത്.
2008ലും ക്രിസ്റ്റിയാനോ ഈ ബഹുമതി സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷവും അവാര്‍ഡ് ക്രിസ്റ്റിയാനോക്ക് തന്നെയാകാനാണ് സാധ്യത. 2013-14 സീസണില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ്, കോപ ഡെല്‍ റേ, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടിയത് ക്രിസ്റ്റിയാനോയുടെ ഗോളടിമികവിലായിരുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യത്തിനും ക്ലബിനും വേണ്ടി 55 മത്സരങ്ങള്‍ കളിച്ച റോണോ 55 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ 51 ഗോളുകളും റയലിനായാണ് ക്രിസ്റ്റിയാനോ നേടിയത്. മാത്രമല്ല ചാമ്പ്യന്സ്ലീഗില് കഴിഞ്ഞ വര്‍ഷം 17 ഗോളുകള്‍ നേടിയും ക്രിസ്റ്റിയാനോ ചരിത്രം കുറിച്ചിരുന്നു. ഇതിന് പുറമെ 19 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട് ഇൗ 29കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: