ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന ബലാബലത്തില്‍ ദല്‍ഹി ഡൈനാമോസും അത്ലറ്റികോ ഡി കൊല്‍ക്കത്തയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും സ്ട്രൈക്കര്‍മാര്‍ ലക്ഷ്യബോധം മറന്നതോടെയാണ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്.
കളിയില്‍ പന്ത് കൂടുതല്‍ കൈവശം വച്ചത് ദല്‍ഹി ഡൈനാമോസായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് കൊല്‍ക്കത്തയായിരുന്നു. കളിയിലുടനീളം അവര്‍ 16 പായിച്ച 16 ഷോട്ടുകളില്‍ പത്തെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ദല്‍ഹി ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല.
അതേസമയം ദല്‍ഹി ഡൈനാമോസ് ആകെ 10 ഷോട്ടുകളാണ് ഉതിര്‍ത്തത്. ഇതില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും കൊല്‍ക്കത്ത ഗോളിയുടെ മികവിനു മുന്നില്‍ അവയെല്ലാം നിഷ്ഫലമായി. അത്ലറ്റികോയുടെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ ദിവസം പൂനെ സിറ്റിയുമായും അവര്‍ സമനില പാലിച്ചിരുന്നു.
12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അത്ലറ്റികോ 18 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം അത്രയും കളികളില്‍ നിന്ന് 14 പോയിന്റുമായി ദല്‍ഹി ഡൈനാമോസ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ അത്ലറ്റികോയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്താനുള്ള അവസരമാണ് കളി സമനിലയില്‍ കലാശിച്ചതോടെ ദല്‍ഹി ഡൈനാമോസിന് നഷ്ടമായത്.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നലെ കളത്തിലിറങ്ങിയത്. ദല്‍ഹി ഡൈനാമോസ് മുന്മുന് ലുഗാന്‍ പകരം ആദില്‍ ഖാനെയും ഷൈലോ മാല്സ്വാംലുംഗക്ക് പകരം ഷൗവിക് ഘോഷിനെയും തൊക്ചോം സിംഗിന് പകരം സൗവിക് ചക്രവര്‍ത്തിയെയും കളത്തിലിറക്കിയപ്പോള്‍ അത്ലറ്റികോ മോഹനരാജിന് പകരം ബിശ്വജിത് സാഹ, ലൂയിസ് ഗാര്‍ഷ്യക്ക് പകരം ഒഫെന്‍സെ നാറ്റോ, മുഹമ്മദ് റാഫിക്ക് പകരം ബല്‍ജിത് സാഹ്നിയെയും മൈാനത്തിനിറക്കി. ഡൈനാമോസ് 4-3-3 ശൈലിയിലും കൊല്‍ക്കത്ത 4-2-3-1 ശൈലിയിലുമാണ് കളിക്കാരെ വിന്യസിച്ചത്.
ആദ്യപകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും ഗോള്‍ മാത്രം വിട്ടുനിന്നു. ദല്‍ഹി നിരയില്‍ മാഡ്സ് ജുന്കറും ഗുസ്താവോയും ഹാന്‍ഡ് മള്‍ഡറും സൗവിക് ചക്രവര്‍ത്തിയും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതില്‍ മുന്നിട്ടുനിന്നപ്പോള്‍ കൊല്‍ക്കത്തന്‍ നിരയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല.
അവരുടെ പടക്കുതിരയായ ഫിക്രുവും ബോര്ജയുമാണ് അവസരങ്ങള്‍ തുലച്ചുകളയുന്നതില്‍ മുന്നിട്ടുനിന്നത്. പന്ത് കൈവശം വെക്കുന്നതില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ഷോട്ടുകള്‍ പായിച്ചതും കൊല്‍ക്കത്തയായിരുന്നു. ആദ്യ 16 മിനിറ്റിനിടെ ദല്‍ഹിക്ക് മൂന്ന് അവസരങ്ങള്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് കൊല്‍ക്കത്തയുടെ മുന്നേറ്റം ഉണ്ടായത്. എങ്കിലും ഗോള്‍ നേടുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടതോടെ ആദ്യ പകുതി സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ദല്‍ഹി ഡൈനാമോസ് സൗവിക് ചക്രവര്‍ത്തിക്ക് പകരം ഷൈലോയെ കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ചകൂട്ടാന്‍ ശ്രമിച്ചു. ഒപ്പം കനത്ത പ്രത്യാക്രമണങ്ങളുമായി കൊല്‍ക്കത്തയും കളംനിറഞ്ഞതോടെ പോരാട്ടം ആവേശകരമായി. എന്നാല്‍ ഇരുടീമുകള്‍ക്കും ലക്ഷ്യം പിഴച്ചതോടെ മത്സരം സമനിലയില്‍ കലാശിച്ചു.
ഇന്ന് പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ പൂനെ സിറ്റി എഫ്സി മുംബൈ സിറ്റിയുമായി ഏറ്റുമുട്ടും.
നിലവില്‍ 11 കളികളില്‍ നിന്ന് 13 പോയിന്റുമായി പൂനെ സിറ്റി എഫ്സി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തും 11 കളികളില്‍ നിന്ന് 12 പോയിന്റുമായി മുംബൈ സിറ്റി എഫ്സി ഏറ്റവും അവസാന സ്ഥാനത്തുമാണ്. ഇന്ന് പൂനെക്ക് മുംബൈയെ കീഴടക്കാന്‍ കഴിഞ്ഞാല്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരാം. മാത്രമല്ല മുംബൈയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മുംബൈ സിറ്റി എഫ്സി 5-0ന് പൂനെയെ തകര്‍ത്തിരുന്നു. ഈ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയായിരിക്കും പൂനെ ഇന്ന് സ്വന്തം മണ്ണില്‍ മുംബൈക്കെതിരെ ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: