ലണ്ടന്‍: അള്‍ജീരിയന്‍ സൂപ്പര്‍താരം യാസിന് ബ്രഹിമി 2014ലെ ബിബിസി ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍. ആദ്യമായാണ് ഒരു അള്‍ജീരിയന്‍ താരം ഈ ബഹുമതി നേടുന്നത്.
നൈജീരിയയുടെ വിന്‍സന്റ് എനിയേമ, ഐവറി കോസ്റ്റിന്റെ യായാ ടുറെ, ഗെര്വിന്ഹോ എന്നിവരെ പിന്തള്ളിയാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ബ്രഹിമി പുരസ്കാരത്തിനു അര്‍ഹനായത്.
ഫിഫ അംഗീകാരമുള്ള 207 രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ പ്രേമികളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
പോര്‍ച്ചുഗല്‍ ക്ലബ് എഫ്സി പോര്‍ട്ടോയുടെ താരമാണ് ബ്രഹിമി. കഴിഞ്ഞ ജൂലൈയില്‍ സ്പാനിഷ് ടീം ഗ്രനാഡയില്‍ നിന്നാണ് ബ്രഹിമി പോര്‍ട്ടോയിലേക്ക് കൂടുമാറിയത്. പോര്‍ട്ടോയ്ക്കായി 15 മത്സരങ്ങളില്‍ കളിച്ച ബ്രഹിമി ഏഴ് ഗോളുകളും നേടിയിട്ടുണ്ട്.
1990 ഫെബ്രുവരി എട്ടിന് പാരീസില്‍ ജനിച്ച ബ്രഹിമി ഫ്രാന്‍സിനായി അണ്ടര്‍ 16, 17, 18, 19, 20, 21 വിഭാഗങ്ങളില്‍ കളിച്ചിട്ടുണ്ട്. പാരീസിലേക്ക് കുടിയേറിയ അള്‍ജീരിയന്‍ ദമ്പതികളുടെ മകനായാണ് ബ്രഹിമി ജനിച്ചത്.
2013-ല്‍ ഫ്രഞ്ച് ജേഴ്സി ഉപേഷിച്ചാണ് യാസിന് ബ്രഹിമി അള്‍ജീരിയന്‍ കുപ്പായം സ്വീകരിച്ചത്. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ അള്‍ജീരിയന്‍ ജേഴ്സിയിലായിരുന്നു ബ്രഹിമി കളിച്ചത്.
അള്‍ജീരിയക്ക് വേണ്ടി 14 മത്സരങ്ങളില്‍ കളിച്ച ബ്രഹിമി നാല് ഗോളുകളൂം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: