മഡ്ഗാവ്: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുക്കി ഗോവ എഫ്സി ഐഎസ്എല്ലിന്റെ സെമിഫൈനലിലേക്ക് ഒരുപടി കൂടി അടുത്തു. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന കളിയില്‍ റോമിയോ ഫെര്‍ണാണ്ടസും മിറോസ്ലാവ് സെപ്ലിക്കയും നേടിയ ഗോളുകളിലാണ് ഗോവ എഫ്സി ഗംഭീര വിജയം ആഘോഷിച്ചത്.
പരാജയമറിയാത്ത ആറാമത്തെ മത്സരമായിരുന്നു ഗോവക്ക് ഇത്. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം വിജയവും. നവംബര്‍ 6ന് കൊച്ചിയില്‍ നടന്ന കളിയില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടശേഷം ഗോവ ഇതുവരെ എതിരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങിയിട്ടില്ല. വിജയത്തോടെ 12 കളികളില്‍ നിന്ന് 18 പോയിന്റുമായി ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന അത്ലറ്റികോ ഡി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബ്ലാസ്റ്റേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് ഗോവ എഫ്സി ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളത്തിലിറങ്ങിയത്. സ്ട്രൈക്കര്‍ ടോള്‍ഗെ ഒസ്ബെക്ക് പകരം ചെക്ക് സ്ട്രൈക്കര്‍ മിറോസ്ലാവ് സെപ്ലിക്ക കളത്തിലിറങ്ങി. അതേസമയം നോര്‍ത്ത് ഇൗസ്റ്റ് ചെന്നൈയിന് എഫ്സിയെ തകര്‍ത്ത ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. ജോണ്‍ കേപ്ഡിവിയയ്ക്ക് പകരം ഐബോര്‍ കോംഗ്ജീയും ഡൗണ്ജലിന് പകരം ഇസ്സാക്ക് ചന്സയും കളത്തിലിറങ്ങി. ഗോവ എഫ്സി 4-2-3-1 എന്ന ശൈലിയിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആക്രമണത്തിന് മുന്‍തൂക്കം കൊടുത്ത് 3-5-2 ശൈലിയിലുമാണ് മൈതാനത്ത് പന്തുതട്ടാനിറങ്ങിയത്.
കളിയുടെ ആദ്യമിനിറ്റില്‍ തന്നെ ഗോവ എതിര് ബോക്സില്‍ പന്തെത്തിച്ചെങ്കിലും നോര്‍ത്ത്-ഈസ്റ്റ് ഗോളി രഹനേഷ് പന്ത് കയ്യിലൊതുക്കി അപകടം ഒഴിവാക്കി. നാലാം മിനിറ്റില്‍ വീണ്ടും ഗോവന്‍ മുന്നേറ്റം. വലതുവിംഗില്‍ നിന്ന് റോമിയോ ഫെര്‍ണാണ്ടസ് അളന്നുമുറിച്ച് നല്കിയ ക്രോസിന് അമിരി തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ ഇരുടീമുകളും കാഴ്ചവെച്ചു.
ഒടുവില്‍ കളിയുടെ 34-ാം മിനിറ്റില്‍ ഗ്യാലറിയെ ആവേശത്തിലാഴ്ത്തി ഗോവ ആദ്യഗോള്‍ നേടി. സെപ്ലിക ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത റോമിയോ ഫെര്‍ണാണ്ടസ് ഒരു നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിരക്കാരനെ കബളിപ്പിച്ചശേഷം ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് സൈഡ് പോസ്റ്റില്‍ത്തട്ടി വലയില്‍ കയറി (1-0). ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 100-ാം ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റ് ആദ്യ പകരക്കാരനെ ഇറക്കി. കോട്വാനി ടോംഗക്ക് പകരം സ്ട്രൈക്കര്‍ ജെയിംസ് കീനാണ് ഇറങ്ങിയത്. ഇതോടെ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങള്‍ക്ക് കുറച്ചുകൂടി ഒത്തൊരുമ കൈവന്നു.
തൊട്ടുപിന്നാലെ സുന്ദരമായ മുന്നേറ്റത്തിനുശേഷം പന്ത് ലഭിച്ച ജെയിംസ് കീന്‍ പായിച്ച ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പിന്നീട് 41-ാം മിനിറ്റില്‍ സമനില നേടാന്‍ നോര്‍ത്ത് ഈസ്റ്റിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. 43-ാം മിനിറ്റില്‍ ജെയിംസ് കീനിന്റെ ഹാഫ്വോളി പോസ്റ്റിന് സൈഡില്‍ക്കൂടി പറന്നു. തൊട്ടുപിന്നാലെ ഗോവ ലീഡ് ഉയര്‍ത്തി. ഉജ്ജ്വലമായ പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ഗോള്‍ പിറന്നത്. നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ഗോവ ഗോളി സെദ അനായാസം കയ്യിലൊതുക്കിയശേഷം മൈതാനമധ്യത്തുനില്ക്കുകയായിരുന്ന റോമിയോയെ ലക്ഷ്യമാക്കി എറിഞ്ഞുകൊടുത്തു.
പന്ത് പിടിച്ചെടുത്ത റോമിയോ ഇടതുവിംഗിലൂടെ അതിവേഗം കുതിച്ചുകയറി എതിരാളികളെ കീഴ്പ്പെടുത്തിയശേഷം പന്ത് ബോക്സിലേക്ക് പാസ് നല്കി. ഈ പാസ് നോര്‍ത്ത് ഈസ്റ്റ് താരം ക്ലിയര്‍ ചെയ്തെങ്കലും പന്ത് പിടിച്ചെടുത്ത സെപ്ലിക്കബിക്രംജിത്ത് സിംഗിന് കൈമാറി. ബിക്രംജിത്ത് വീണ്ടും സെപ്ലിക്കക്ക് മറിച്ചുനല്‍കിയ പന്ത് സുന്ദരമായ ഒരു വലംകാലന്‍ ഷോട്ടിലൂടെ താരം വലയിലെത്തിച്ചു. ഐഎസ്എല്ലില്‍ സെപ്ലിക്കയുടെ നാലാം ഗോളായി ഇത്.
രണ്ടാം പകുതിയിലും ഗോവന്‍ മുന്നേറ്റമായിരുന്നു. 47-ാം മിനിറ്റില്‍ ആന്ദ്രെ സാന്റോസ് ഒരു അവസരം പാഴാക്കി. പിന്നീട് കുറേസമയം കളി മധ്യനിരയില്‍ ഒതുങ്ങി. എന്നാല്‍ 61-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം കോകെയുടെ നല്ലൊരു ഷട്ട് ഗോവ ഗോളി സെദ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. 74-ാം മിനിറ്റില്‍ ഗോവ മൂന്നാം ഗോളും നേടി. നാരായണ്‍ദാസിന്റെ പാസില്‍ നിന്ന് കളംനിറഞ്ഞു കളിച്ച ആന്ദ്രെ സാന്റോസാണ് ഗോള്‍ നേടിയത്. തുടര്‍ന്നും നിരവധി മികച്ച നീക്കങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ഗോവ എഫ്സിക്കോ ആശ്വാസഗോള്‍ നേടാന്‍ നോര്‍ത്ത് ഈസ്റ്റിനോ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: