മുസാഫര്‍പൂര്‍: സ്വകാര്യ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ അജ്ഞാതരായ സ്ത്രീകള്‍ തട്ടിക്കൊണ്ടുപോയി.
ജെഡിയു എംഎല്‍സി ദിനേശ് പ്രസാദ് സിംഗിന്റെയും ബിജെപി എംഎല്‍എ വീണാ ദേവിയുടെയും കൊച്ചുമകനെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരുടെ മകന്‍ അഭിഷേക് എന്ന രാജാ ബാബുവിനും ഭാര്യ ഖുശിക്കും കഴിഞ്ഞ ദിവസമാണ് നഗരഹൃദയത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മകന്‍ പിറന്നത്.
അജ്ഞാതരായ രണ്ട് സ്ത്രീകള്‍ ആശുപത്രിയില്‍ കുഞ്ഞിനെ സന്ദര്‍ശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ആശുപത്രിയുടെ പ്രധാന കവാടത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന സ്വകാര്യസുരക്ഷാ ജീവനക്കാരായ അജയ് കുമാര്‍ റായ്, കുമാര്‍ രാകേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് എസ്പി പറഞ്ഞു.
ഖുശി കുഞ്ഞുമായി വിശ്രമത്തിലായിരുന്നു. ഈ സമയത്താണ് മോടിയില്‍ വസ്ത്രധാരണം ചെയ്ത രണ്ടു സ്ത്രീകള്‍ കുഞ്ഞിനെ സന്ദര്‍ശിക്കാനെത്തിയത്. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കളിപ്പിക്കാനാരംഭിച്ചു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഖുശി ക്ഷീണം കൊണ്ട് മയങ്ങിയ തക്കത്തിന് ഇവര്‍ കുഞ്ഞുമായി രക്ഷപ്പെടുകയായിരുന്നു.
ഖുശി ഉണര്‍ന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് ബഹളം വച്ച് ആളെ കൂട്ടിയെങ്കിലും ഫലമുണ്ടായില്ല. സ്ത്രീകളെ കണ്ടുപിടിക്കാനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ് പോലീസ്. ഇരുവരുടെയും ചിത്രങ്ങള്‍ തയ്യാറാക്കി പോലീസ് ജില്ലയിലെമ്പാടും വിതരണം ചെയ്തു വരികയാണ്. മുസാഫര്‍പൂറിലെ മുതിര്‍ന്ന പോലീസ് സൂപ്രണ്ട് രഞ്ജിത് കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്.
















