ന്യൂദല്‍ഹി: സിബിഐ അഡീഷണല്‍ ഡയറക്ടര്‍ ആര്‍.കെ. ദത്ത 2 ജി സ്‌പെക്ട്രം അഴിമതി കേസ് അന്വേഷിക്കും. നേരത്തെ അന്വേഷണത്തില്‍ നിന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ മാറ്റി നിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
1981 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രുപാക് കുമാര്‍ ദത്ത കര്‍ണാടക കേഡറിലാണുള്ളത്. നിലവില്‍ 2 ജി കേസ് അന്വേഷിക്കുന്ന ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ചുമതല വഹിക്കുന്നത് ഇദ്ദേഹമാണ്. സിബിഐ ഡയറക്ടറിന് തൊട്ടു താഴെയുള്ള സ്‌പെഷ്യല്‍ ഡയറക്ടര്‍ അനില്‍ സിന്‍ഹയാണോ ആന്റി കറപ്ഷന്‍ ബ്യൂറോ ചുമതല വഹിക്കുന്ന ദത്തയാണോ 2 ജി കേസ് അന്വേഷിക്കുകയെന്നതില്‍ അവ്യക്തത ഉണ്ടായിരുന്നതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഇപ്പോള്‍ ദത്തയ്‌ക്കു തന്നെ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.
വിരമിക്കാന്‍ ഏതാനും ദിവസം മാത്രം ശേഷിക്കെ 2 ജി കേസന്വേഷണത്തില്‍ ആരോപണ വിധേയനായ സിബിഐ ഡയറക്ടര്‍ സിന്‍ഹയില്‍ അവിശ്വാസം പ്രകടിപ്പിച്ച പരമോന്നത കോടതി അദ്ദേഹം മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ചാണ് രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയുടെ പ്രതിച്ഛായയ്‌ക്കും വിശ്വാസ്യതയ്‌ക്കും മങ്ങലേല്‍പ്പിക്കാതെ 2 ജി കേസ് അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത്.
















