നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇതുമാതിരി സംഭവിക്കാറുണ്ട്. പലരും തങ്ങള്‍ പ്രകൃത്യാ സാത്വികരാണെന്നു വിചാരിക്കുന്നു; പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ വെറും താമസരാണ്.
ശരീരശുദ്ധിയില്ലാതെ ജീവിക്കുന്ന പലരും തങ്ങള്‍ പരമഹംസന്മാരാണെന്നു കരുതുന്നു. എന്തുകൊണ്ടെന്നോ? പരമഹംസന്മാര് ജഡവസ്തുവിനെപ്പോലെയോ ഉന്മത്തനെപ്പോലെയോ പിശാചിനെപ്പോലെയോ ജീവിക്കുന്നു എന്ന് ശാസ്ത്രങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍. പരമഹംസന്മാരെ ശിശുക്കളോടു സാദൃശപ്പെടുത്താറുണ്ട്. എന്നാല്‍ ഇവിടെ സാദൃശ്യം ഏകപക്ഷീയമാണ് എന്നു മനസ്സിലാക്കേണ്ടതുണ്ട്.
പരമഹംസനും ശിശുവും വ്യത്യാസമില്ലാത്ത ഒരുതരക്കാരല്ല. അവര്‍ രണ്ടു പരകോടികള്‍ അങ്ങേ അറ്റവും ഇങ്ങേ അറ്റവും ആകയാല്‍ ഒരുപോലെ തോന്നിക്കുന്നു എന്നുമാത്രം. ഒരാള്‍ ജ്ഞാനത്തെ അതിക്രമിച്ച അവസ്ഥയിലെത്തിയിരിക്കുന്നു; മറ്റേയാള്‍ക്ക് ജ്ഞാനത്തിന്റെ ഉദയമേ ഉണ്ടായിട്ടില്ല. പ്രകാശത്തിന്റെ അതിസത്വരവും അതിമന്ദവുമായ രണ്ടുതരം സ്പന്ദങ്ങളും നമ്മുടെ സ്ഥൂലനേത്രങ്ങള്ക്കു ഗോചരമല്ല.
എന്നാല്‍ ഒരവസ്ഥ അത്യുഗ്രമായ ചൂടും മറ്റേത് ചൂടിന്റെ ഏതാണ്ടു പൂര്ണഭാവവുമാണ്. വിരുദ്ധഗുണങ്ങളായ സത്ത്വത്തിന്റെയും തമസ്സിന്റെയും കാര്യവും ഇതുപോലെയാണ്. ചില അംശങ്ങളില്‍ അവ ഒരുപോലെ തോന്നിക്കും. എന്നാല്‍ അവയ്ക്കു തമ്മില്‍ ലോകാന്തരമുണ്ട്. തമോഗുണം സത്വഗുണത്തിന്റെ വേഷമണിഞ്ഞുനില്ക്കാന് വളരെ കൊതിക്കുന്നു. ഇവിടെ അര്‍ജ്ജുനനില്‍ ആ വീരയോദ്ധാവില് അതു പ്രവേശിച്ചത് ദയയുടെ വേഷമണിഞ്ഞാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: