ബുദ്ധിക്ക് തത്വങ്ങള്‍ ഗ്രഹിക്കാനുള്ള ശക്തിയുണ്ട്. ആദ്ധ്യാത്മിക ചിന്തയിലൂടെയോ ഗാഢമായ ഈശ്വരധ്യാനം വഴിയോ ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ തത്വങ്ങള്‍ ബുദ്ധിയില്‍ പ്രകാശിക്കും.
ബുദ്ധി അഹന്തകൊണ്ട് കലുഷിതമാകുമ്പോള്‍ ഈശ്വരനുമായുള്ള ബന്ധത്തിന്റെ ബോധം നഷ്ടപ്പെടും. അപ്പോള്‍ ബുദ്ധി പങ്കിലമായിത്തീരും. മനോവൃത്തികളെ നിയന്ത്രിക്കാന്‍ അശക്തമാകും. വിചാരമാര്‍ഗ്ഗത്തില്‍കൂടി സാധകനെ നയിക്കാന്‍ അത് അസമര്‍ത്ഥമാകും.
പരമമായ സത്യം ഈശ്വരന്‍ തന്നെ. താത്വികമായ ചിന്ത തന്ത്രവിധിപ്രകാരമുള്ള ആരാധന. ഏകാഗ്രതാ പരിശീലനം സാമൂഹ്യസേവനം പാവങ്ങളോട് ആര്‍ദ്രത ഇവയുടെയെല്ലാം പരമലക്ഷ്യം ഈശ്വരനായിരിക്കണം. എങ്കില്‍മാത്രമേ നിങ്ങള്‍ ചരിക്കുന്നത് ശരിയായ മാര്‍ഗ്ഗത്തിലായിരിക്കുകയുള്ളൂ. ഈ അടിസ്ഥാനസത്യം വിസ്മരിക്കപ്പെട്ടാല്‍ ജീവിതത്തിന് എന്തൊക്കെ നേട്ടങ്ങള്‍ ലൗകികമണ്ഡലത്തില്‍ ഉണ്ടായാലും ശരി അതിന് യാതൊരു മൂല്യവും ഉണ്ടായിരിക്കുകയുമില്ല.
ഈശ്വത്വത്തില്‍നിന്നുള്ള മനുഷ്യന്റെ അധഃപതനത്തെ വിവരിച്ചുകൊണ്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ദര്‍ശനത്തിനെത്തിയവരോട് അമ്മ ഇങ്ങിനെ പറഞ്ഞു:- അന്തഃകരണം ദൃശ്യബോധംകൊണ്ട് കലുഷിതമാകുമ്പോള്‍ അതായത് ജീവന്‍ തന്നില്‍നിന്ന് വ്യതിരിക്തമായ മറ്റൊരു വസ്തുവില്‍ ബോധവാനാകുമ്പോള്‍ അത് ബിംബ പ്രതിബിംബത്വത്തിന്റെ സത്യം വിസ്മരിക്കുന്നു. ഈ വിസ്മൃതിക്ക് ആധിപത്യം ലഭിക്കുമ്പോള്‍ ജീവന്‍ സുക്ഷ്മ ശരീരവുമായി.
പരിഛേദമുള്ള ഉപാധിയുമായി സാദ്മ്യം കൊള്ളുന്നു. ഈ സാദ്മ്യപ്രാപ്തിയുടെ ഫലമായി ജീവന്‍ മോഹങ്ങള്‍ക്ക് വശംവദനായി തീരുന്നു. മോഹങ്ങള്‍ തീഷ്ണമായ ഭോഗാസക്തിയായി പരിണമിക്കും. ആസക്തികള്‍ ഉദിക്കുന്നതോടെ അത് സഫലീകരിക്കാനുള്ള ഉപാധി എന്നനിലയില്‍ ഒരു ശരീരമാവശ്യമായി വരികയും കര്‍തൃത്വഭാവം കൈക്കൊള്ളുകയും ചെയ്യുന്നു.
കര്‍തൃത്വവും ഫലേച്ഛയും പ്രചോദിപ്പിക്കുന്ന ശക്തികളായി തീരുന്നതോടെ ജീവന്‍ കര്‍മ്മങ്ങളുടേയും വിഷയാസക്തികളുടെയും വലയില്‍ വല്ലാതെ കുരുങ്ങുന്നു. അപ്പോഴാണു കര്‍ത്താവ് ഭോക്താവായി പരിണമിക്കുന്നത്. ഭോക്താവെന്ന അവസ്ഥയില്‍നിന്നു സുഖദുഃഖങ്ങള്‍ ഉദയം ചെയ്യുന്നു.
മോഹങ്ങള്‍ സഫലമാകുമ്പോള്‍ ജീവന്‍ ആഹ്ലാദിക്കും. അല്ലാതെവരുമ്പോള്‍ള്‍ ദുഃഖിതനായിത്തീരും. മനസ്സിന്റെ സമനില തകരും. ശാന്തത നശിക്കും. മനസ്സ് വികാരങ്ങളുടെ നീര്‍ച്ചുഴിയിയായി മാറും.
















