അജ്ഞാനത്തേയും അജ്ഞാനജന്യങ്ങളായ സകലതിനേയും ഭസ്മീകരിക്കുന്ന അഗ്നിജ്വാലയാണ് ജ്ഞാനം. സാധാരണ ജ്ഞാനത്തെ കാട്ടുതീയോടാണ് ഉപമിക്കുക. പക്ഷേ, ഈ ഉപമപോലും തികച്ചും യോജിച്ചതല്ല. എന്തെന്നാല്‍ കാട്ടില്‍ തീ പടര്‍ന്ന് പിടിച്ചാല്‍ പൂര്‍ണമായി വെന്തുനശിക്കും. സര്‍വവും എരിഞ്ഞ് ചാമ്പലാകും. ജ്ഞാനം അതുല്യമാണ്.
ഭക്തി ഉദിക്കുമ്പോള്‍ അഭ്യാസവും വൈരാഗ്യവും സ്വാഭാവികമാകും. എന്നാല്‍ ബുദ്ധിയോഗത്തില്‍ അവയെ ജാഗ്രതയോടെ വളര്‍ത്തേണ്ടതുണ്ട്. ദൃഢമായ വൈരാഗ്യം കൂടാതെ പ്രജ്ഞയെ നശ്വര വിഷയങ്ങളില്‍നിന്ന് പിന്‍വലിക്കുക സാധ്യമല്ല. അതുപോലെ നിരന്തരമായ അഭ്യാസം കൂടാതെ പ്രജ്ഞയെ സത്യവസ്തുവില്‍ പ്രതിഷ്ഠിക്കുവാന്‍ സാദ്ധ്യമല്ല. സാധകന്‍ സദാബ്രഹ്മനിഷ്ഠയില്‍ വര്‍ത്തിക്കണം. ഇതാണ് അഭ്യാസത്തിന്റെ കാതലായ വശം. ബ്രഹ്മനിഷ്ഠയെ പ്രജ്ഞയില്‍ നിന്ന് അകറ്റിയാല്‍ മായ ആധിപത്യം നേടും.
ഗുണങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. മനസ്സ് കലുഷിതമാകും. ധര്‍മ്മഭ്രംശം വന്നുചേരും. ഈശ്വരന്‍ മാത്രമാണ് ഏകസത്യമെന്ന ദൃഢബോധത്തോടെ നശ്വര വസ്തുക്കളില്‍നിന്നുള്ള ഒരു പിന്‍വാങ്ങലാണു വൈരാഗ്യം. ആദ്യഘട്ടങ്ങളില്‍ മാനസികഭാവംകൊണ്ടും ബുദ്ധിപരമായ യത്‌നംകൊണ്ടുംവേണം അത് വളര്‍ത്തിയെടുക്കേണ്ടത്. നിജമായ വൈരാഗ്യം ഉദിക്കുമ്പോള്‍ അത് അല്പമായിട്ടല്ല വന്നുചേരുന്നത്.
പെട്ടെന്നുള്ള പ്രബുദ്ധയുടെ വേലിയേറ്റമാണത്. ഹൃദയത്തില്‍ നിന്നുദിക്കുന്ന ജ്ഞാനദീപ്തികൂടിയാണത്. സംസാരതരുവിനെ വെട്ടിവീഴ്‌ത്തുന്ന മൂര്‍ച്ചയേറിയ മഴുവാണ് തീവ്രമായ വൈരാഗ്യം. തീക്ഷണമായ വൈരാഗ്യം മുഖേന ഒരാളുടെ പ്രജ്ഞയില്‍നിന്ന് ബാഹ്യലോകത്തെ വിമുക്തമാക്കുമ്പോള്‍ മനസ്സ് വിശുദ്ധമാകും. അത്തരം മനസ്സ് ബ്രഹ്മത്തില്‍ വിലയിക്കാന്‍ സമര്‍ദ്ദമാകും.
പ്രജ്ഞയില്‍ ഗുണങ്ങള്‍ അദ്ധയാരോപിതമാകുമ്പോള്‍ ബുദ്ധിതത്വം പ്രഫുല്ലമാകുന്നു. ജ.ഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകള്‍ ഗുണസംയോജനം കൊണ്ടുണ്ടാകുന്ന ബുദ്ധിവൃത്തിയുടെ മൂന്നു പ്രതിരൂപങ്ങളെ സൂചിപ്പിക്കുന്നു. ആത്മാവില്‍ വൃത്തികള്‍ ഉദിക്കുകയില്ല. തന്മൂലം ഈ മൂന്നവസ്ഥകള്‍ക്കും അതിരിക്തമാണ് ആത്മാവ്. ജീവാത്മാവ് ജ്ഞാനശക്തികൊണ്ട് ബുദ്ധിയാകുന്ന ഉപാധിയെ ഉപേക്ഷിക്കുമ്പോള്‍ മായാമയമായ വിഷയപ്രപഞ്ചത്തില്‍നിന്ന് അത് തികച്ചും നിര്‍മ്മുക്തമായിരിക്കും.
ഈ പൂര്‍ണമായ നിസ്സംഗാവസ്ഥയാണ് പരാ വൈരാഗ്യം. വിഷയപ്രപഞ്ചം, ജ്ഞാനേന്ദ്രിയങ്ങള്‍, മാനസികവൃത്തികള്‍ അഹന്ത ഇവയില്‍നിന്ന് സുസ്ഥിരമായ ആത്മനിഷ്ഠയാല്‍ പ്രജ്ഞയെ പ്രതിനിവര്‍ത്തിച്ച് ആത്മസാക്ഷാത്ക്കാരം നേടണം. അപ്പോള്‍ അതിന്റെ ദിവ്യതേജസ്സ് നിങ്ങളുടെ ഇന്ദ്രിയങ്ങളിലേക്കും മനസ്സിലേക്കും പ്രപഞ്ചത്തെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തിലേക്കും പകര്‍ന്നുതരും. അതോടെ നിങ്ങള്‍ക്ക് ഈ ലോകത്തെ ഈശ്വരന്റെ ലീലാവിലാസമായി കാണാന്‍ സാധിക്കും.
– ശ്രീ രമാദേവി
















