ആഴ്‌സണലിനെതിരെ സ്വാന്‍സീസിറ്റിയുടെ ഗോമിസ് ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലിന് അപ്രതീക്ഷിത തോല്‍വി. സ്വാന്‍സീസിറ്റിയാണ് ആഴ്‌സണലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്. മൂന്നുമിനിറ്റിനിടെ സ്വാന്‍സീ സിറ്റ നേടിയ രണ്ട് ഗോളുകളാണ് ഗണ്ണേഴ്‌സിന്റെ വിജയമെന്ന സ്വപ്‌നത്തെ തകര്‍ത്തെറിഞ്ഞത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 63-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിലൂടെ ആഴ്‌സണല്‍ ലീഡ് നേടി. എന്നാല്‍ സ്വന്തം മൈതാനത്ത് വര്‍ദ്ധിതവീര്യത്തോടെ ആഞ്ഞടിച്ച സ്വാന്‍സീ സിറ്റി 75-ാം മിനിറ്റില്‍ സിഗുഡ്‌സണും 78-ാം മിനിറ്റില്‍ ഗോമിസും നേടിയ ഗോളുകളിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഈ വിജയത്തോടെ സ്വാന്‍സീസിറ്റി 11 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 17 പോയിന്റുള്ള ആഴ്‌സണല്‍ ആറാം സ്ഥാനത്താണ്.
മറ്റൊരു പ്രധാന മത്സരത്തില്‍ സ്‌റ്റോക്ക് സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോട്ടനത്തെ പരാജയപ്പെടുത്തി. വെസ്റ്റ് ബ്രോംവിച്ചിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ന്യൂകാസില്‍ വിജയം നേടിയപ്പോള്‍ സണ്ടര്‍ലാന്റ്-എവര്‍ട്ടണ്‍ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
















