അമേരിക്ക അപരിചിതമായ രാജ്യമല്ല എനിക്ക്. ഇത്തവണത്തേത് പതിനാറാം യാത്രയായിരുന്നു. എങ്കിലും തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനൊപ്പമുള്ള ഈ ഒമ്പത് ദിവസത്തെ യാത്ര തികച്ചും വ്യത്യസ്ത അനുഭവമായി. മാധ്യമപ്രവര്‍ത്തകന്റെ കണ്ണിലൂടെ മാത്രമല്ല, നഗരവികസനത്തിനായി ലോകമെമ്പാടുമുള്ള മനുഷ്യരെയും സ്ഥാപനങ്ങളെയും എങ്ങനെ ബന്ധിപ്പിക്കാമെന്നും മേയര്‍ ഓരോ കൂടിക്കാഴ്ചയെയും ഭാവി സാധ്യതയായി എങ്ങനെ കാണുന്നുവെന്നും അടുത്തറിയാന്‍ സാധിച്ചു.
ഒമ്പത് ദിവസം; 216 മണിക്കൂര്‍
ഹൂസ്റ്റണ്‍, സ്റ്റാഫോര്‍ഡ്, മിസോറി സിറ്റി, ഡാലസ്, വാഷിങ്ടണ്‍ ഡി.സി., പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം, ദീര്‍ഘദൂര റോഡ് യാത്രകള്‍, കാത്തിരിപ്പുകള്‍, വൈകിയുള്ള ഹോട്ടല്‍ പ്രവേശനങ്ങള്‍. ഇതൊരു വിനോദയാത്ര ആയിരുന്നില്ല. തിരുവനന്തപുരത്തിന് എന്ത് പഠിക്കാം, എന്ത് സ്വീകരിക്കാം, ആരുമായി സഹകരിക്കാം, പ്രവാസി മലയാളികളുടെ കഴിവുകള്‍ നഗരവികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നീ ചോദ്യങ്ങളായിരുന്നു യാത്രയുടെ കേന്ദ്രബിന്ദു.
ന്യൂജേഴ്‌സിയിലെ ‘നാമം’ അവാര്‍ഡ് ദാനച്ചടങ്ങിലും ഡോ. എം.വി. പിള്ളയുമായുള്ള കൂടിക്കാഴ്ചയിലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വിദേശ അറിവുകള്‍ തിരുവനന്തപുരത്തിന് ഉപയോഗപ്പെടുത്തുന്നത് ചര്‍ച്ചയായി. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യുവുമായി നഗരഭരണം, സാങ്കേതികവിദ്യ, സാമൂഹിക പദ്ധതികള്‍ എന്നിവ സംസാരിച്ചു. മിസോറി സിറ്റി മേയര്‍ റോബിന്‍ എലക്കാട്ടുമായുള്ള കൂടിക്കാഴ്ചയില്‍ ‘സിസ്റ്റര്‍ സിറ്റി’ ബന്ധമെന്ന ആശയം ഉയര്‍ന്നുവന്നു. നഗരസഭാ ഓഫീസിന് പുറമെ മാലിന്യസംസ്‌കരണ സംവിധാനങ്ങളും അനിമല്‍ ഷെല്‍ട്ടറും നേരിട്ട് സന്ദര്‍ശിച്ചു. മാലിന്യസംസ്‌കരണം, പൊതുസ്ഥല പരിപാലനം, മൃഗസംരക്ഷണം തുടങ്ങിയ ദൈനംദിന കാര്യങ്ങളിലാണ് നഗരഭരണത്തിന്റെ യഥാര്‍ത്ഥ ഗുണമേന്മ വ്യക്തമാകുന്നത്.
പ്രവാസി മലയാളികള്‍: വലിയൊരു വിഭവശേഖരം
ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പരിപാടികളും മീറ്റ് ആന്‍ഡ് ഗ്രീറ്റും പ്രവാസികളുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കി. പ്രവാസികള്‍ പണമയക്കുന്നവര്‍ മാത്രമല്ല, അറിവും സാങ്കേതിക കഴിവും അന്താരാഷ്‌ട്ര ബന്ധങ്ങളുമുള്ള മനുഷ്യവിഭവശേഷിയാണ്. ഹാരിസ് കൗണ്ടിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായി ഐ.ടി., എഐ, ഡിജിറ്റല്‍ ഗവണ്‍മെന്റ് മേഖലകളിലെ സഹകരണം ചര്‍ച്ച ചെയ്തു. തിരുവനന്തപുരം സഹായം തേടുക മാത്രമല്ല, സ്വന്തം അറിവും സാങ്കേതികതയും പങ്കുവെക്കാന്‍ ശേഷിയുള്ള നഗരംകൂടിയാണെന്ന തിരിച്ചറിവോടെയുള്ള പരസ്പര സഹകരണമാണ് ഭാവിയില്‍ വേണ്ടത്.
അമേരിക്കന്‍ നഗരങ്ങളില്‍നിന്ന് പഠിക്കുമ്പോള്‍
ഡാലസിലേക്കുള്ള ആറുമണിക്കൂര്‍ റോഡ് യാത്രക്കിടെ ഡോ. എം.വി. പിള്ളയുമായി വീണ്ടും ചര്‍ച്ച നടത്തി. വാഷിങ്ടണ്‍ ഡി.സി.യിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശനത്തില്‍ സാംസ്‌കാരിക കൈമാറ്റവും അന്താരാഷ്‌ട്ര ബന്ധങ്ങളും വിഷയമായി. തലസ്ഥാന നഗരമെന്ന നിലയില്‍ തിരുവനന്തപുരം അന്താരാഷ്‌ട്രതലത്തില്‍ സജീവമാകേണ്ടതുണ്ട്. പെന്‍സില്‍വാനിയയിലെ ഫോകാന കണ്‍വെന്‍ഷനും എകെഎംജി പരിപാടിയും മറ്റൊരു വലിയ സാധ്യത തുറന്നു. ഡോക്ടര്‍മാര്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ എന്നിവരുടെയെല്ലാം അനുഭവങ്ങളും ബന്ധങ്ങളും തിരുവനന്തപുരത്തിന്റെ വികസനവുമായി ബന്ധിപ്പിക്കാനാകും.
മേയറുടെ ചിന്ത: ‘Meeting to Outcome’
ഓരോ കൂടിക്കാഴ്ചയ്‌ക്ക് ശേഷവും തിരുവനന്തപുരത്തിന് ഇതില്‍ നിന്ന് എന്ത് പഠിക്കാം, എങ്ങനെ പ്രയോജനപ്പെടുത്താം, സഹകരണമാക്കി മാറ്റാം എന്നിവയായിരുന്നു വി.വി. രാജേഷിന്റെ ചോദ്യങ്ങള്‍. അതുകൊണ്ടുതന്നെ ഓരോ നഗരവും പഠനകേന്ദ്രവും ഓരോ വ്യക്തിയും സാധ്യതയുമായി. കൂടിക്കാഴ്ചകള്‍ റിപ്പോര്‍ട്ടുകളില്‍ ഒതുങ്ങാതെ പ്രായോഗിക പദ്ധതികളും ഫലങ്ങളുമാകണമെന്ന ‘Meeting to Outcome’ എന്ന സമീപനമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
സിസ്റ്റര്‍ സിറ്റി: ചടങ്ങല്ല, സഹകരണം
മിസോറി സിറ്റിയുമായുള്ള ‘സിസ്റ്റര്‍ സിറ്റി’ ബന്ധം ധാരണാപത്രങ്ങളില്‍ ഒതുങ്ങാതെ നഗരഭരണം, ഐ.ടി., എഐ, പൊതുജനാരോഗ്യം, മാലിന്യസംസ്‌കാരം, യുവജന-വിദ്യാഭ്യാസ മേഖലകളിലെ പ്രായോഗിക സഹകരണവും പരസ്പര സന്ദര്‍ശനങ്ങളുമാകണമെന്നാണ് മേയറുടെ നിലപാട്.
വസ്തുനികുതി കുടിശ്ശിക തിരിച്ചറിയാനും മുന്‍ഗണന നിശ്ചയിക്കാനും ഉദ്യോഗസ്ഥരെ സഹായിക്കുന്ന എഐ സംവിധാനം പരീക്ഷിക്കാവുന്നതാണ്. സാമ്പിള്‍/സിന്തറ്റിക് ഡാറ്റ ഉപയോഗിച്ച് പ്രോട്ടോടൈപ്പ് തയ്യാറാക്കി വിജയകരമെങ്കില്‍ മാത്രം യഥാര്‍ത്ഥ ഡാറ്റയിലേക്ക് കടക്കാം. മാലിന്യസംസ്‌കരണത്തിലും അമേരിക്കന്‍ മാതൃകകള്‍ അതേപടി അനുകരിക്കാതെ പ്രാദേശിക ഭൂമിശാസ്ത്രവും സാമ്പത്തികശേഷിയും കണക്കിലെടുത്തുള്ള മാതൃകയാണ് സ്വീകരിക്കേണ്ടത്.
അമേരിക്കയിലെ വിദഗ്ധരുടെ സഹായത്തോടെ രോഗചികിത്സക്കൊപ്പം രോഗപ്രതിരോധത്തിനും നേരത്തെയുള്ള രോഗനിര്‍ണയത്തിനും ഊന്നല്‍ നല്‍കുന്ന പ്രിവന്റീവ് കാര്‍ഡിയോളജി, ഓങ്കോളജി മാതൃകകള്‍ തിരുവനന്തപുരത്ത് നടപ്പാക്കാം.
പുതിയ നഗരകാഴ്ചപ്പാട്
തിരുവനന്തപുരത്തെ സ്വന്തം ബ്രാന്‍ഡുകളുള്ള അന്താരാഷ്‌ട്ര നഗരമാക്കാന്‍ ഏഴ് സിഗ്‌നേച്ചര്‍ ആശയങ്ങള്‍ പരിഗണിക്കുന്നു:
# ട്രിവാന്‍ഡ്രം ബോളി ഡേ: ഭക്ഷ്യപാരമ്പര്യത്തെ ടൂറിസം ബ്രാന്‍ഡാക്കല്‍.
# റണ്‍ ട്രിവാന്‍ഡ്രം ദി ക്യാപിറ്റല്‍ മാരത്തണ്‍: കായികരംഗം ശക്തിപ്പെടുത്തല്‍.
# ട്രിവാന്‍ഡ്രം സിറ്റി ലീഗ്: യുവാക്കള്‍ക്കായി സ്‌പോര്‍ട്‌സ് പ്ലാറ്റ്ഫോം.
# ട്രിവാന്‍ഡ്രം സിറ്റി ഫ്യൂച്ചേഴ്‌സ് കോണ്‍ക്ലേവ്: നിക്ഷേപവും സാങ്കേതികവിദ്യയും ചര്‍ച്ച ചെയ്യുന്ന വാര്‍ഷിക വേദി.
# ട്രിവാന്‍ഡ്രം വേള്‍ഡ്ലൈറ്റ്‌സ് ഡിസ്ട്രിക്ട്: രാത്രികാല നഗരജീവിതവും വിനോദസഞ്ചാരവും.
# ലൈസന്‍സ് ഡോം/ടെന്‍ഡര്‍ ഡോം: വേഗത്തിലുള്ളതും സുതാര്യവുമായ ഡിജിറ്റല്‍ നഗരസഭാ സേവനങ്ങള്‍.
# സേക്രഡ് ട്രിവാന്‍ഡ്രം: ആത്മീയ-സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം.
മേയറുടെ നഗരസ്വപ്‌നം
ലോകമെമ്പാടുമുള്ള മനുഷ്യരെയും സ്ഥാപനങ്ങളെയും സ്വന്തം നഗരത്തിന്റെ വികസനത്തിലേക്ക് കൊണ്ടുവരാന്‍ മേയര്‍ക്ക് സാധിക്കുമെന്ന് ഈ യാത്ര തെളിയിക്കുന്നു. മിസോറി സിറ്റിയുമായുള്ള സഹകരണം, ഹാരിസ് കൗണ്ടിയുമായുള്ള ഐ.ടി. ബന്ധം, പ്രവാസി പ്രൊഫഷണലുകളുടെ പങ്കാളിത്തം എന്നിവ തുടര്‍ചര്‍ച്ചകളിലാണ്. കത്തുകളിലോ ധാരണാപത്രങ്ങളിലോ അല്ല, തിരുവനന്തപുരത്തുണ്ടാകുന്ന മാറ്റങ്ങളിലാണ് ഇതിന്റെ വിജയം.
നഗരങ്ങളുടെ പ്രവര്‍ത്തനരീതികളും പ്രവാസികളുടെ അനുഭവങ്ങളും നഗരഭരണത്തിന് പുതിയ ദിശ നല്‍കും. നഗരവികസനം നഗരസഭയുടെ മതിലുകള്‍ക്കുള്ളില്‍ മാത്രമല്ല, അതിനു പുറത്തുള്ള ലോകവുമായുള്ള ബന്ധങ്ങളിലൂടെയുമാണ് രൂപപ്പെടുന്നത്. ഈ ആശയങ്ങള്‍ തിരുവനന്തപുരത്തിന്റെ മണ്ണില്‍ എത്രത്തോളം പ്രായോഗികമാകുന്നു എന്നതിലാണ് യാത്രയുടെ യഥാര്‍ത്ഥ വിജയം.













