ഹൈദരാബാദ്: വിരാട് കോഹ്‌ലിയിലെ പുതുനായകന്റെ കീഴിലിറങ്ങിയ ഇന്ത്യന്‍ പോരാളികള്‍ക്കു മുന്നില്‍ സിംഹളവീര്യമടങ്ങി. തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ ടീം ഇന്ത്യ ലങ്കയ്‌ക്കെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പര ആധികാരികമായി കൈപ്പിടിയില്‍ ഒതുക്കി (3-0). ഇക്കുറി ഇന്ത്യന്‍ ജയം ആറു വിക്കറ്റിന്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 48.2 ഓവറില്‍ 242ല്‍ ഒതുങ്ങി. ഇന്ത്യ 35 പന്തുകള്‍ ബാക്കിവച്ച് ലക്ഷ്യം മറികടന്നു. സ്‌കോര്‍ : ലങ്ക- 242 (48.2). ഇന്ത്യ- 245/4 (44.1).
ബാറ്റുകൊണ്ടും പന്തുകൊണ്ടും ലങ്കയെ ഇന്ത്യ ഒരിക്കല്‍ക്കൂടി കടത്തിവെട്ടിക്കളഞ്ഞു. ലങ്ക മുന്നില്‍വെച്ച താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ഒരിക്കല്‍പ്പോലും പതറിയില്ല. 79 പന്തില്‍ എട്ടു ഫോറുകളും ഒരു സിക്‌സറുമടക്കം 91 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ജയത്തിനു ചുക്കാന്‍ പിടിച്ചു. കോഹ്‌ലിയും (53) കാര്യമായ സംഭാവന നല്‍കി. അജിന്‍ക്യ രഹാനെ 31ഉം അമ്പാട്ടി റായിഡു 35ഉം റണ്‍സ് വീതം സ്വരുക്കൂട്ടി. സുരേഷ് റെയ്‌നയും (18) വൃദ്ധിമാന്‍ സാഹയും (6) പുറത്താകാതെ നിന്നു.
നേരത്തെ, മഹേല ജയവര്‍ധനെ (118, 12 ഫോര്‍, ഒരു സിക്‌സ്) ലങ്കയ്‌ക്കുവേണ്ടി ഒറ്റയാന്‍ പോരാട്ടത്തിലേര്‍പ്പെട്ടു. തിലകരത്‌നെ ദില്‍ഷന്‍ (53) ഒഴികെ മറ്റാരും ജയവര്‍ധനെയ്‌ക്ക് വലിയ പിന്തുണ നല്‍കിയില്ല.ദില്‍ഷന്‍ ഏഴു തവണ പന്ത് അതിര്‍ത്തി കടത്തി. നാലു വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ഉമേഷ് യാദവും മൂന്നു പേരെ മടക്കിയ ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലുമാണ് ലങ്കയ്‌ക്ക് കൂച്ചുവിലങ്ങിട്ടത്. 31-ാം ഓവറില്‍ ആരംഭിച്ച പവര്‍ പ്ലേയില്‍ ലങ്കന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസ് (10), ആഷന്‍ പ്രിയനഞ്ജന്‍ (2) ചതുരംഗ ഡി സില്‍വ (2) എന്നിവരെ കൂടാരം കയറ്റിയ പട്ടേല്‍ ലങ്കന്‍ മധ്യനിരയെ തുളച്ചു. ദില്‍ഷനെ വീഴ്‌ത്തിയ അമ്പാട്ടി റായിഡുവും ദൗത്യം നിര്‍വഹിച്ചു. മഹേല ജയവര്‍ധനെ മാന്‍ ഓഫ് ദ മാച്ച്.
















