കൊല്‍ക്കൊത്ത: ബര്‍ദ്വാന്‍ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ സാജിദ് ബംഗാള്‍ പോലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ചീഫ് കമാണ്ടറാണ് സാജിദ് എന്ന ഷെയ്ഖ് റഹ്മത്തുള്ള. ഈ ഭീകര സംഘടന നടത്തിയ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ചുരുളഴിക്കാന്‍ സഹായകമാണ് സാജിദിന്റെ അറസ്റ്റ്. നോര്‍ത്ത് പര്‍ഗാനാ എയര്‍പോര്‍ട്ടിന്റെ സമീപപ്രദേശത്തുനിന്നാണ് ഇയാള്‍ ബിധാന്‍ നഗര്‍ പോലീസ് പിടിയിലായത്.
40 വയസുകാരനായ സാജിദ് ലാല്‍ഗോലാ മദ്രസയിലാണ് ഒളിച്ചുകഴിഞ്ഞിരുന്നത്. മുര്‍ഷിദാബാദ് ജില്ലയിലെ മുകിംനഗറിലാണ് ഈ മദ്രസ. സാജിദിനെ ബംഗാള്‍ പോലീസ് എന്‍ഐഎയ്‌ക്കു കൈമാറും.
വളരെ യാദൃശ്ചികമായാണ് ഇയാള്‍ പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇയാളുടെ സഹായി സിയാ ഉള്‍ ഹഖ് എന്‍ഐഎയുടെ പിടിയിലായിരുന്നു. തുടര്‍ന്നാണ് ബംഗാള്‍ പോലീസിന്റെ പിടിയില്‍ ഷെയ്ഖ് റഹ്മത്തുള്ള പെട്ടത്. കൂടുതല്‍ ചോദ്യം ചെയ്തവേളയിലാണ് അയാള്‍ ബംഗ്ലാദേശിയാണെന്നു വ്യക്തമായത്. തുടര്‍ന്ന് സാജിദും റഹ്മത്തുള്ളയും ഒരാള്‍തന്നെയാണെന്നു തിരിച്ചറിഞ്ഞതോടെയാണ് എന്‍ഐഎ 10 ലക്ഷം രൂപ തലയ്‌ക്കു വിലപറഞ്ഞിരുന്ന ഭീകരനാണ് കസ്റ്റഡിയിലായതെന്ന് വ്യക്തമായതെന്ന് ബിധാന്‍ നഗര്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
സാജിദ് എന്ന ഷെയ്ഖ് റഹ്മത്തുള്ള ബംഗ്ലാദേശ് ജമാഅത്ത് ഉള്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയില്‍ അംഗമാണ്. ഒപ്പം ജമാഅത്ത് കേന്ദ്രീയ കമ്മിറ്റിയായ ശുറായുടെ അംഗവുമാണെന്ന് കുമാര്‍ വിശദീകരിച്ചു.
സാജിദാണ് ബര്‍ദ്വാന്‍ സ്‌ഫോടന സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡിറ്റക്ടീവ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഡെപ്യൂട്ടി കമ്മീഷണര്‍ കന്‍കര്‍ പ്രസാദ് ബൗറി പറഞ്ഞു. സാജിദ് ഒരു കേസില്‍പ്പെട്ട് കുറച്ചുകാലം ബംഗ്ലാദേശ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
റഹ്മത്തുള്ളയെ പിടികൂടാന്‍ ഡിറ്റക്ടീവ് ഡിപ്പാര്‍ട്ടുമെന്റ് ചില കെണികള്‍ ഒരുക്കിയിരുന്നു. അതില്‍ കൃത്യമായി അയാള്‍ വീഴുകയായിരുന്നു. കൊറിയര്‍വഴി പണം എത്തിക്കാനുള്ള സംവിധാനമൊരുക്കി, ആ പണം വാങ്ങാന്‍ എത്തിയപ്പോള്‍ ആളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് കന്‍കര്‍ കുമാര്‍ പറഞ്ഞു. അയാളില്‍നിന്ന് ലക്ഷത്തോളം രൂപയും പിടികൂടി. കൂടുതല്‍ ചോദ്യം ചെയ്യുമ്പോഴാണ് വലയില്‍ വീണത് തലവനാണെന്നു തിരിച്ചറിഞ്ഞത്.
















