താനെ: കല്യാണിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 150 പേരെ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാണിലെ ബസര്‍പേട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കഴിഞ്ഞ രാത്രി ഭക്ഷ്യവിഷബാധ ഉണ്ടായത്. കോണി ഗ്രാമത്തിലെ സഖ്‌റാം ബാലാറാം മാേ്രത എന്നയാളിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മധുരം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യവും തല കറക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്.
ചടങ്ങ് പര്യവസാനിച്ച ഉടന്‍ മധുരപലഹാരം വിതരണം ചെയ്യുകയായിരുന്നു. ഇതു കഴിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള ഗ്രാമീണര്‍ക്ക് അസ്വസ്ഥതയും തല കറക്കവും അനുഭവപ്പെട്ടതായി പോലീസ് പറഞ്ഞു.
കുഴഞ്ഞു വീണ മുഴുവന്‍ ഗ്രാമീണരെയും പോലീസെത്തി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി മോശമായി തുടരുന്ന ഏഴെട്ടു പേരെ ഒഴിച്ച് ബാക്കിയെല്ലാവരെയും വിശദമായ പരിശോധനകള്‍ക്കും പ്രാഥമിക ചികിത്സയ്‌ക്കും ശേഷം വിട്ടയച്ചു.
ചടങ്ങിനിടെ വിതരണം ചെയ്ത പാല്‍ ഹല്‍വയുടെ സാമ്പിള്‍ വിശദമായ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. ഐപിസി 272, 273, ഭക്ഷ്യസുരക്ഷാ നിയമം 2006 എന്നീ വകുപ്പുകള്‍ അനുസരിച്ച് ഹല്‍വ നിര്‍മിച്ച ഹൈദര്‍ അലി റസൂല്‍ഭായി പല്‍സാനിയയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
















