കല്‍പ്പറ്റ: ഈമാസം 15, 16 തിയതികളില്‍ സ്കോട്ട്ലന്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ ടീമുകളുടെ തായ്ക്വാണ്ടോ മത്സരത്തില്‍ പങ്കെടുക്കേണ്ട വയനാടന്‍ വനറാണി ഹരിതക്ക് സാമ്പത്തികം തടസ്സമാകുന്നു. കോട്ടത്തറ ഗ്രാമപാഞ്ചായത്തിലെ ആനേരി കരിക്കൊല്ലി വീട്ടില്‍ ചന്ദ്രന്-ശാരദ ദമ്പതികളുടെ ഇളയമകളാണ് കേരളത്തിന്റെ അഭിമാനതാരമായ ഈ വിദ്യാര്‍ത്ഥിനി. തിരുവനന്തപുരം സായി സ്പോര്‍ട്സ് വിദ്യാലയത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ഹരിത. നിലവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തായ്ക്വണ്ടോ ഒരിനമായി ഉള്‍പെടുത്തിയിട്ടില്ല. കൊറിയന്‍ ആയോധന കലാരൂപമായ തായ്ക്വാണ്ടോ അന്താരാഷ്ട്ര വേദികളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ കോമണ്‍വെല്‍ത്ത് തായ്ക്വാണ്ടോ ഫെഡറേഷനാണ് മത്സരം ഒരുക്കുന്നത്.
കേരളത്തില്‍ നിന്ന് വിവിധ പ്രായക്കാരായ 21 പേരാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമല്ലാത്തതുകൊണ്ട് ഇവര്‍ക്ക് ഫണ്ടനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരും തയ്യാറല്ല. കേരളാ സ്പോര്‍ട്സ് കൗണ്‍സിലും സ്പോര്‍ട്സ് വകുപ്പും അംഗീകരിച്ച കായികരൂപമാണ് ഇതെങ്കിലും ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ സാമ്പത്തികസഹായം ചെയ്യാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാത്തതാണ് താരങ്ങള്‍ക്ക് വിനയായത്. ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ചെലവ് വഹിക്കാന്‍ തയ്യാറായിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷമായി ദേശീയ സ്കൂള്‍ കായികമേളകളില്‍ കേരളത്തിന് വേണ്ടി മെഡലുകള്‍ വാരികൂട്ടിയ ഹരിതയ്ക്ക് ആ ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡ് കുടിശ്ശിക മാത്രം ലഭിച്ചാലും സ്കോട്ട്ലാന്റില്‍ നടക്കുന്ന മേളയില്‍ യാത്രചെലവിനുള്ള വീതമെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്ന അനുഭവമാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്ന് കായികതാരത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. ഹരിത ഉള്‍പ്പെടെ സ്കോട്ട്ലന്റ് മേളയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന മുഴുവന്‍ കായികതാരങ്ങള്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കായിക പ്രേമികള്‍ ആവശ്യപ്പെടുന്നു.
അടുത്ത ഫെബ്രുവരിയില്‍ കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിനുവേണ്ടി മെഡലുകള്‍ വാരാന്‍ കളത്തിലിറങ്ങേണ്ടവരാണ് ഇവരെന്ന വസ്തുതയും ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്. വയനാട്ടിലെ പ്രാക്തനഗോത്ര സമൂഹത്തിലെ പിന്മുറക്കാരിയാണ് ഹരിത എന്ന വസ്തുത ഈകായിക താരത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നതാണ്. കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഈ മാസം 12ന് മറ്റുതാരങ്ങള്‍ക്കൊപ്പം സ്കോട്ട്ലന്റിലേക്ക് വണ്ടിക്കയറാന് കഴിയുമോ എന്ന വിഷമത്തിലാണ് ഹരിത.
















