വാരാണസി: പെണ്‍ഭ്രൂണഹത്യ കൊടിയ അപരാധമാണെന്നും അത് എത്രയും വേഗം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. വാരാണസിയിലെ ജയ്‌പുര ഗ്രാമം ദത്തെടുക്കുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരുന്ന വന്‍ ജനാവലിയെ സാക്ഷിയാക്കിയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
പെണ്‍കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയില്‍ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുന്നത് കൊടിയ പാപമാണ്. പെണ്‍കുഞ്ഞുങ്ങളെ ബാധ്യതയായി കരുതുന്നവര്‍ സ്ത്രീകളില്ലാത്ത ലോകത്ത് എങ്ങനെ ജീവിക്കുമെന്നു കൂടി വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
അമ്മയുടെ ഗര്‍ഭത്തില്‍ വച്ചു തന്നെ ഒരു പെണ്‍കുഞ്ഞിനെ നശിപ്പിച്ചാല്‍ ഈ ലോകത്തിന് എന്തു സംഭവിക്കുമെന്ന് കൂടി ചിന്തിക്കണം. ആയിരം ആണ്‍കുട്ടികള്‍ക്ക് ഒപ്പം എണ്ണൂറ് പെണ്‍കുട്ടികള്‍ ജനിച്ചാല്‍ വ്യത്യാസം വരുന്ന 200 ആണ്‍കുട്ടികള്‍ ആരെ വിവാഹം ചെയ്യും ? എങ്ങനെ അവര്‍ക്ക് കുടുംബമുണ്ടാകും ? എന്ന് പ്രധാനമന്ത്രി ചോദിച്ചു.
ഇവരെ വിവാഹം കഴിപ്പിക്കുന്ന ചുമതല കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമോ ? ഇങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാരിനെ മാത്രം ആശ്രയിക്കരുതെന്നും ഗ്രാമീണരോട് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 60 വര്‍ഷം രാജ്യം ഭരിച്ച വലിയ ആള്‍ക്കാര്‍ സാധാരണക്കാരനു വേണ്ടി ഒന്നും ചെയ്തില്ല. താനാകട്ടെ ഒരു ചെറിയ മനുഷ്യനാണ്. ചെറിയ സംസാരത്തിലൂടെ വലിയ കാര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആളാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
















