ന്യൂദല്‍ഹി: ന്യൂയോര്‍ക്ക്: ലോകത്തിലെ കരുത്തരായ നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഫോബ്‌സ് മാസിക പുറത്തുവിട്ട കരുത്തരുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണ് മോദി. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനാണ് ഒന്നാം സ്ഥാനത്ത്. യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ രണ്ടാം തവണയും പിന്നിലാക്കിയാണ് പുടിന്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ലോകത്തിലെ 72 കരുത്തരായ നേതാക്കളുടെ പട്ടികയാണ് ഫോബ്‌സ് മാസിക പുറത്തുവിട്ടത്. പ്രധാനമന്ത്രിക്കു പുറമെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും വ്യവസായി ലക്ഷ്മി മിത്തലും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും പട്ടികയിലുണ്ട്. മുകേഷ് അംബാനി 36-ാം സ്ഥാനത്തും, മിത്തല്‍ 57ഉം, സത്യ നദെല്ല 64-ഉം സ്ഥാനത്തുമാണ്.
അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ഇത്തവണ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 21-ാം സ്ഥാനത്തായിരുന്നു സോണിയ.
ഭാരതത്തിലെ പുതിയ റോക്ക്സ്റ്റാര്‍ ബോളിവുഡില്‍ നിന്നല്ലെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ഫോബ്‌സ് പ്രത്യേകം പരാമര്‍ശിക്കുന്നു. ഗുജറാത്തില്‍ നിരവധി വികസന പദ്ധതികളാണ് മോദി ചെയ്തത്. വികസനം സാധ്യമാകുമെന്ന് അദ്ദേഹം തെളിയിച്ചെന്നും ഫോബ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
മോദി, ഈജിപ്ത് പ്രസിഡന്റ് ആബ്‌ദേല്‍ ഇല്‍-സിസി എന്നിവരുള്‍പ്പെടെ 12 പേരാണ് പട്ടികയിലെ പുതുമുഖങ്ങള്‍. ആലിബാബ സിഇഒയും ചൈനയിലെ ഏറ്റവും വലിയ ധനികനുമായ ജാക്മായും പട്ടികയില്‍ ഇതാദ്യമായി ഇടം പിടിച്ചു.
വഌഡിമര്‍ പുടിന്‍ ഇത് രണ്ടാം തവണയാണ് ഒന്നാമന്റെ കിരീടം ചൂടുന്നത്. ഒബാമ രണ്ടാം സ്ഥാനത്തും, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് മൂന്നാം സ്ഥാനത്തും പോപ്പ് ഫ്രാന്‍സിസ് നാലാം സ്ഥാനത്തും ജെര്‍മന്‍ ചാന്‍സലര്‍ ഏന്‍ജല മെര്‍ക്കല്‍ അഞ്ചാം സ്ഥാനത്തുമാണ്. 2013-ലും ആദ്യ അഞ്ച് സ്ഥാനക്കാര്‍ ഇവരായിരുന്നു.
അമേരിക്കന്‍ ഫെഡറല്‍ സര്‍വ്വീസിന്റെ അധ്യക്ഷ ജാനെറ്റ് യെലന്‍ ആറാം സ്ഥാനത്താണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പത്താം സ്ഥാനത്തും, ഗൂഗിളിന്റെ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ 9-ാം സ്ഥാനവും പങ്കിട്ടു.
ഐഎസ് ഭീകര സംഘടന തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദിയും പട്ടികയില്‍ ഇടംപിടിച്ചു.
പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇതാദ്യമായാണ് രണ്ട് വനിതകള്‍ ഇടംപിടിക്കുന്നത്. ഏന്‍ജല മെര്‍ക്കല്‍, യെലന്‍ ഉള്‍പ്പെടെ 9 വനിതകളാണ് പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷവും 9 വനിതകളാണ് ഉണ്ടായിരുന്നത്. 2009-ല്‍ മൂന്ന് വനിതകള്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളന്ത് 17 സ്ഥാനത്തും, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് 22-നാം സ്ഥാനത്തുമാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹു 26-ാം സ്ഥാനത്തും, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ 40 ഉം, മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ 44-ാം സ്ഥാനവും കരസ്ഥമാക്കി.
















