കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം. ഫുട്ബോള്‍ ഇതിഹാസം സീക്കോയുടെ ശിഷ്യന്മാരായ ഗോവ എഫ്സിയെ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ബ്ലാസ്റ്റേഴ്സ് നാട്ടുരാജാവാകുന്നതു കാണാന്‍ ടീം ഉടമ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും ഗാലറിയിലുണ്ടായിരുന്നു. 64-ാം മിനിറ്റില്‍ പകരക്കാരന് മിലാഗ്രസ് ഗൊണ്‍സാല്‍വസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ കുറിച്ചത്. കേരള പ്രതിനിധികളുടെ രണ്ടാം ജയമാണിത്. ഇതോടെ ടേബിളില്‍ ബ്ലാസ്റ്റേഴ്സ് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ ആവേശത്തിരമാലകള്‍ തീര്‍ത്ത പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ബ്ലാസ്റ്റേഴ്സ് കളംനിറഞ്ഞാടി.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സൂപ്പര്‍താരം ഇയാന്‍ ഹ്യൂം, ഗോള്‍കീപ്പര്‍ സന്ദീപ് നന്തി, പ്രതിരോധനിരയിലെ കരുത്തന് നിര്‍മ്മല്‍ ഛേത്രി, സ്ട്രൈക്കര്‍ ഗുസ്മാവോ എന്നിവര്‍ക്ക് പകരം ഫ്രഞ്ച് താരം റാഫേല്‍ റോമി, ഡേവിഡ് ജെയിംസ്, സൗമിക് ഡേ, അവിനാബോ ബാഗ് എന്നിവര്‍ പന്തുതട്ടി. സൗമിക് ഡേ ടൂര്‍ണമെന്റില്‍ ആദ്യമായാണ് കളത്തിലിറങ്ങിയത്. ഗോവന്‍ നിരയില്‍ റോബര്‍ട്ട് പിറസ് കടന്നുവന്നപ്പോള്‍ ആന്ദ്രെ സാന്റോസ് പുറത്തായി.
കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചു. മൈതാനമധ്യത്തുനിന്ന് സ്റ്റീഫന്‍ പിയേഴ്സണ്‍ തള്ളിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് ഇഷ്ഫഖ് അഹമ്മദ് ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് പായിച്ച ഷോട്ട് ദുര്‍ബലമായിരുന്നു. അഹമ്മദിന്റെ ഷോട്ട് ഗോവ എഫ്സി ഗോളി ജാന്‍ സെദ അനായാസം കയ്യിലൊതുക്കി.
ഒമ്പതാം മിനിറ്റില്‍ ഗോവന്‍ ടീമിന്റെ ഊഴം. ബ്രൂണോ പിനേരിയോ എടുത്ത ഫ്രീകിക്കിന് ഫ്രഞ്ച് താരം ഗ്രിഗറി അര്നോലിന് ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് 11, 13 മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സിന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഹ്യൂമിന്റെ അഭാവത്തില്‍ സ്റ്റീഫന്‍ പിയേഴ്സണായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. 14-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിനടുത്തെത്തി.പിയേഴ്സണ്‍ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് സബീത്തിന്. സബീത്ത് പിയേഴ്സണ്‍ പന്ത് വച്ചുമാറി. ബോക്സില്‍ പ്രവേശിച്ച പിയേഴ്സണ്‍ പായിച്ച ബുള്ളറ്റ് ഷോട്ട് സൈഡ് പോസ്റ്റിന് പുറത്തേക്ക് പറന്നു.
14-ാം മിനിറ്റില്‍ ഗോവയുടെ നാരായണ്‍ദാസിന്റെ ഒരു ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി ഡേവിഡ് ജെയിംസ് അനായാസം നിര്‍വീര്യമാക്കി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ റാഫേല്‍ റോമിക്ക് ഒരു തുറന്ന അവസരം ലഭിച്ചെങ്കിലും ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്നേ ഗോവന്‍ ഗോളി പന്ത് കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ ഗോവന്‍ ഗോളി സ്ഥാനം തെറ്റിനില്‍ക്കെ പിയേഴ്സണ്‍ പായിച്ച ലോംഗ് ഷോട്ടും വഴിതെറ്റിപ്പോയി. ഒന്നാം പകുതിയവസാനിക്കാന്‍ നാലു മിനിറ്റ് അവശേഷിക്കെ സ്വന്തം പകുതിയില്‍ എതിരാളികളെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ പിയേഴ്സണ്‍ സബീത്തിന് പന്ത് കൈമാറി. സബീത്ത് അത് ക്യാപ്റ്റന്‍ ഓര്‍ജിക്ക് മറിച്ചു.
ഓര്‍ജി ബോക്സിലേക്ക് അളന്നുമുറിച്ച് നല്കിയ ക്രോസിന് പിയേഴ്സണ്‍ ഉയര്‍ന്നുചാടിയെങ്കിലും തലവെക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇഞ്ചുറി സമയത്ത് ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും ക്രോസ് ബാര്‍ ചതിച്ചു. പിയേഴ്സണ്‍ തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് പെന്‍ ഓര്‍ജിക്ക്. ഒാര്ജി വീണ്ടും പിയേഴ്സണ്‍. പിയേഴ്സണ്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സബീത്തിന്. സബീത്ത് വലംകാലുകൊണ്ട് കനത്ത ഷോട്ട് ഉതിര്‍ത്തെങ്കിലും ക്രോസ്ബാര്‍ വിഘാതം സൃഷ്ടിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോവയുടെ നാരായണ്‍ ദാസിന് വലകുലുക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ, ദാസിന്റെ ശ്രമവും പാളി. തൊട്ടുപിന്നാലെ പിനേരിയോ എടുത്ത കോര്‍ണറിന് യോനസ്സ് ബെംഗ്ഌയോന് തലവച്ചെങ്കിലും ലക്ഷ്യത്തില്‍ നിന്നകന്നു.
56-ാം മിനിറ്റില്‍ സബീത്തിനെ പകരം മറ്റൊരു ദേശീയതാരം മിലാഗ്രസ് ഗൊണ്‍സാല്‍വസിനെ ബ്ലാസ്റ്റേഴ്സ് ഇറക്കിവിട്ടു. പിന്നാലെ റാഫേല്‍ റോമിയെ പിന്‍വലിച്ച് ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ബാരിസിച്ചിനും സ്വാഗതമേകി ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ മൂര്‍ച്ചകൂട്ടി. 64-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ പിറന്നു. ഗോവന്‍ താരത്തിന്റെ കാലുകള്‍ക്കിടയിലൂടെ ആന്‍ഡ്രൂ ബാരിസിച്ച് തളികയിലെന്നവണ്ണം വച്ചുനല്‍കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗൊണ്‍സാലസിന് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
















