ചേര്‍ത്തല: പോലീസിന്റെ അനാസ്ഥ; ചിട്ടിതട്ടിപ്പിനിരയായവര്‍ പരാതിയുമായി കോടതിയിലേക്ക്. നിക്ഷേപകരില്‍ നിന്നും പണം തട്ടി മുങ്ങിയ സൗപര്‍ണിക ചിറ്റ്‌സിന്റെ ഉടമയെ സംഭവം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും കണ്ടെത്താന്‍ പോലീസിന് കഴിയാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നു.
ചേര്‍ത്തല പോലീസ് സ്‌റ്റേഷനു സമീപം പ്രവര്‍ത്തിച്ചിരുന്ന കാര്‍ത്ത്യായനി ചിറ്റ്‌സിന്റെ ഉടമയാണ് നൂറുകണക്കിനു നിക്ഷേപകരുടെ രണ്ടു കോടിയോളം രൂപയുമായി മുങ്ങിയത്. സൗപര്‍ണ്ണിക എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം ആറ് മാസങ്ങള്‍ മുന്‍പാണ് പേര് മാറ്റി കാര്‍ത്ത്യായനി ചിറ്റ്‌സ് എന്നാക്കിയത്. സൗപര്‍ണിക എന്ന പേരില്‍ കോഴിക്കോട് മറ്റൊരു ചിട്ടി കമ്പനി ഉണ്ടെന്നും അതിനാല്‍ രജിസ്‌ട്രേഷന്‍ കിട്ടുന്നതിനു വേണ്ടിയാണ് കാര്‍ത്ത്യായനി എന്ന് പേര് മാറ്റിയത് എന്നുമായിരുന്നു കമ്പനി അധികൃതര്‍ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.
കഴിഞ്ഞ ജൂലൈ 26ന് എസ്എല്‍പുരം സ്വദേശിയായ വസ്ത്രവ്യാപാരിയാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതി സ്വീകരിച്ചെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. പല തവണ പോലീസിനെയും ഉടമയെയും സമീപിച്ചിട്ടും പ്രയോജനമില്ലാതെ വന്നപ്പോള്‍ ഇയാള്‍ ചിട്ടി സ്ഥാപനത്തില്‍ നേരിട്ടെത്തിയതോടെയാണ് നൂറുകണക്കിനാള്‍ക്കാര്‍ക്ക് ചിട്ടിപിടിച്ചപണം നല്‍കാനുണ്ടെന്ന് അറിയുന്നത്.
പണവുമായി മുങ്ങുന്നതിന് രണ്ട് മാസം മുന്‍പ് സ്ഥാപന ഉടമയായ അനീഷിന്റെ ഉടമസ്ഥതയില്‍ ചേര്‍ത്തല കുറുപ്പംകുളങ്ങരയിലുള്ള വീടും സ്ഥലവും വിറ്റിരുന്നു. മാരാരിക്കുളം വരകാടി സ്വദേശിയായ മാനേജരാണ് സ്ഥാപനത്തിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ വരകാടിയിലുള്ള തന്റെ വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കമ്പനി പൂട്ടി തട്ടിപ്പ് പുറം ലോകം അറിഞ്ഞതോടെ ഇയാള്‍ കുടുംബവുമായി നാടു വിടുകയായിരുന്നു. ചേര്‍ത്തലയിലേതുള്‍പ്പെടെ ആറോളം ബ്രാഞ്ചുകളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതിനിടെ അനീഷ് പലതവണ സ്വന്തം കാറില്‍ ചേര്‍ത്തലയില്‍ വന്നുപോകുന്നത് കണ്ടവരുണ്ട്.
എന്നാല്‍ പോലീസില്‍ വിവരമറിയിച്ചിട്ടും ഇന്നുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. നേരത്തെ ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് കാര്‍ത്ത്യായനി ചിറ്റ്‌സില്‍ നടന്ന റെയ്ഡില്‍ നിരവധി പ്രോമിസിറി നോട്ടുകളും, തുകയെഴുതാത്ത ചെക്ക് ലീഫുകളും പിടിച്ചെടുത്തിരുന്നു. എന്നാല്‍ അനീഷ് സ്വാധീനമുപയോഗിച്ച് കേസില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ഇപ്പോള്‍ പോലീസ് കാണിക്കുന്ന അനാസ്ഥയും ഇയാളെ സഹായിക്കാനാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടവര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
















