കോട്ടയം: വ്യാണിജ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രധാന ഗതാഗതമാര്‍ഗ്ഗമായിരുന്ന കോട്ടയത്തെ പഴയ ബോട്ട്‌ജെട്ടി പരിസരത്ത് ശുചീകരണ ജോലികള്‍ പുരോഗമിക്കുന്നു. തിരുവിതാംകൂറിന്റെ രാജമുദ്ര ആലേഖനം ചെയ്തിട്ടുള്ള ഈ ജെട്ടി ചരിത്രത്തിന്റെ ഭാഗമാണ്. നേരത്തെ ഇവിടെനിന്നും ആലപ്പുഴ, വൈക്കം, എറണാകുളം, കാവാലം, കൈനടി, പുളിങ്കുന്ന്, രാമങ്കരി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ബോട്ട് സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു.
കാലക്രമത്തില്‍ ജനങ്ങളുടെ യാത്ര രീതിയില്‍ വന്ന മാറ്റങ്ങളും മറ്റുംമൂലം ജട്ടിയിലെ സര്‍വ്വീസുകള്‍ കുറഞ്ഞു. അതോടെ ജലാശത്തില്‍ ചെളിയും മാലിന്യങ്ങളുംകൊണ്ട് നിറഞ്ഞു. ജട്ടി കോടിമതയിലേക്ക് മാറ്റുകയും ചെയ്തു. പഴയ ജട്ടി മാലിന്യനിക്ഷേപ കേന്ദ്രമായി. പഴയബോട്ട് ജെട്ടി സംരക്ഷിക്കണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇപ്പോള്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചു. ജലാശയത്തിലെ മാലിന്യവും പോളയും നീക്കം ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതെ ശുചീകരണ ജോലികള്‍ ആരംഭിച്ചതുകൊണ്ട് പരിസരവാസികള്‍ ദുരിതത്തിലായി. മാലിന്യം നീക്കം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധവും സാക്രമിക രോഗങ്ങള്‍ പടരുമോ എന്ന ആശങ്കയിലുമാണ് സമീപവാസികള്‍. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















