സ്വന്തം സന്തോഷത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിലുപരി, അയല്‍ക്കാരന്റെ ദുഃഖം കാണുവാനായി പ്രാര്‍ത്ഥിക്കുന്നവരുമുണ്ട്. രണ്ടു വ്യാപാരികള്‍ അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്നു. അതില്‍ ഒരാള്‍ക്കു കച്ചവടത്തില്‍ വന്‍നഷ്ടം സംഭവിച്ചു. അതോടെ അയാള്‍ ആകെ തളര്‍ന്നു. ഡിപ്രഷനായി, ഭക്ഷണം തീരെ കഴിക്കാതെയായി. ആരോടും ഒന്നും മിണ്ടാതായി. ഡോക്ടറെ കാണിച്ചു മരുന്നുകൊടുത്തു. എന്നിട്ടും യാതൊരു മാറ്റവുമുണ്ടായില്ല. എപ്പോഴും വിഷമിച്ചു കട്ടിലില്‍തന്നെ കിടപ്പാണ്. ഒരുദിവസം അയാളുടെ മൂത്ത മോന്‍ ഓടിവന്നു പറഞ്ഞു. ”അച്ഛാ, അച്ഛനറിഞ്ഞോ? നമ്മുടെ അടുത്ത വീട്ടുകാരന്‍ മലേഷ്യയില്‍നിന്നും കൊണ്ടുവന്ന തടി മുഴുവന്‍ വരുന്നവഴി കപ്പല്‍ മുങ്ങി നശിച്ചു. ”ഇതുകേട്ടതും അത്രയുംനാള്‍ മിണ്ടാട്ടമില്ലാതെ കിടന്നിരുന്ന അയാള്‍ കട്ടിലില്‍നിന്നും ചാടി എഴുന്നേറ്റു ഭാര്യയെ ഉറക്കെ വിളിച്ചു പറഞ്ഞു. ”കൊണ്ടുവാടീ ചോറും കറിയും”. എതിരാളിക്കു നഷ്ടം വന്ന വാര്‍ത്ത കേട്ടതും അയാളുടെ തളര്‍ച്ചയും അസുഖവും എല്ലാം പമ്പകടന്നു. സന്തോഷംകൊണ്ട് അയാള്‍ തുളളിച്ചാടി. മറ്റുള്ളവരുടെ ദുഃഖത്തിലാണ് ഇന്നു നമ്മള്‍ സന്തോഷം കണ്ടെത്തുന്നത്.
















