കോട്ടയം: ജില്ലയില്‍ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം നടപ്പാക്കാനുള്ള അതുല്യം പദ്ധതിയുടെ ജില്ലാതല സംഘാടക സമിതിക്ക് രൂപം നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുരുവമ്പലം വിഷയാവതരണം നടത്തി. പതിനഞ്ചിനും 50നും മധ്യേ പ്രായമുള്ള എല്ലാവരും പ്രാഥമിക വിദ്യാഭ്യാസം നേടിയവരായി മാറുന്ന പദ്ധതിയാണിത്. 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. ജില്ലാതലം മുതല്‍ പഞ്ചായത്ത് വാര്‍ഡുതലം വരെ സംഘാടക സമിതികള്‍ രൂപീകരിക്കും. പഠന കാലയളവ് നാലുമാസം. നാലാംതരം തുല്യത ക്ലാസിലെ പാഠപുസ്തകമാണ് പഠനത്തിന് ഉപയോഗിക്കുക.
















