കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ അപകടകരമായ സാഹചര്യത്തില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ് നാട്ടുകാര്‍ തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബസിന്റെ പെര്‍മിറ്റ് റദ്ദുചെയ്തു. കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് സ്‌കൂളിന്റെ ബസാണ് നാട്ടുകാര്‍ തടഞ്ഞത്. ഇന്നലെ രാവിലെ സ്‌കുളിന്റെ പൊടിമറ്റത്തുള്ള ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥികളെ സ്‌കൂളിലേയ്‌ക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം.
പൊടിമറ്റം ആനക്കല്ല് റോഡിലുടെ ബസ് കടന്നുപോകുമ്പോള്‍ അസാധരണമായി ബസില്‍ നിന്നും ശബ്ദം ഉണ്ടായി. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ശ്രദ്ധിച്ചപ്പോള്‍ ആറ് ടയര്‍ വേണ്ടിടത്ത് അഞ്ച് ടയറിന്റെ സഹായത്താലാണ് ബസ് ഓടുന്നതെന്ന് കണ്ടെത്തി ബസ് തടയുകയായിരുന്നു.
ബസിന്റെ പിന്‍ഭാഗത്ത് ഒരു സൈഡില്‍ രണ്ട് വീതം ടയര്‍ വേണ്ടിടത്ത് ഒരു സൈഡില്‍ ഒരു ടയര്‍മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ടയറിന്റെ നട്ടും ബോള്‍ട്ടും അയഞ്ഞനിലയിലായിരുന്നെന്നും കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ മറ്റൊരു ബസ് വരുത്തിയാണ് സ്്കൂളിലേയ്‌ക്ക് കൊണ്ടുപോയത്.
കാഞ്ഞിരപ്പള്ളി മോട്ടാര്‍ വാഹന വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ കോട്ടയം ആര്‍ടിഎ ഓഫിസറുമായി ബന്ധപ്പെട്ട് ബസിന്റെ പെര്‍മിറ്റും ലൈസന്‍സും റദ്ദുചെയ്തു.
















