ആളുകള്‍ അവിടുത്തെ കാണാനും കേള്‍ക്കാനും തിക്കിത്തിരക്കുക്കൂടി: ഇരുപത്തിനാലു മണിക്കൂറില്‍ ഇരുപതു മണിക്കൂറും അവിടുന്നു സംസാരിച്ചുകൊണ്ടിരുന്നു. അത് ഒരു ദിവസമല്ല, രണ്ടുദിവസമല്ല, മാസക്കണക്കിന്, ഒടുവില്‍ ഭയാനകമായ ഈ അവിശ്രാന്തപരിശ്രമത്തിന്റെ സമ്മര്‍ദ്ദഫലമായി ശരീരം തകര്‍ന്നു. തന്റെ സഹായം തേടിവന്ന നിരവധി ജനങ്ങളില്‍ ഏറ്റവും എളിയവനെപ്പോലും തുണയ്‌ക്കാതൊഴിപ്പാന്‍ അവിടുത്തെ അന്തമായ ഭൂതാനുകമ്പ അനുവദിച്ചില്ല. ക്രമേണ കണ്ഠത്തില്‍ കഠിനമായ ഒരസ്വാസ്ഥ്യം പിടിപ്പെട്ടു. എന്നിട്ടും ഈ വക ആയാസങ്ങളില്‍നിന്ന് അവിടുത്തെ പിന്തിരിപ്പിക്കാന്‍ സാധിച്ചിട്ടില്ല. തന്നെ കാണാന്‍ ആളുകള്‍ കാത്തുനില്‍പുണ്ടെന്നു കേട്ടാലുടന്‍, അവരെ അകത്തുവിടാന്‍ അവിടുന്നു നിര്‍ബന്ധിക്കും. എന്നിട്ടവരുടെ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറയും. സ്‌നേഹത്തോടെ ആരെങ്കിലും മറുത്തുപറഞ്ഞാല്‍,അവിടുന്നു പറയും,’ ഞാന്‍ കൂട്ടാക്കില്ല. ഒരാളെ സഹായിക്കാന്‍വേണ്ടി ഇതുമാതിരി ഇരുപതിനായിരം ദേഹം കൈവെടിയും. ഒരാളെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞാല്‍ അതു ശ്ല്ാഘ്യമാണ.് അവിടേക്ക് വിശ്രമമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു ഭക്തന്‍ ചോദിച്ചു: ‘ മഹാത്മന്‍, അവിടുന്നൊരു മഹായോഗി അങ്ങയുടെ മനസ്സ് അല്പം ഈ ശരീരത്തില്‍ നിര്‍ത്തി രോഗം മാറ്റാത്തതെന്തുകൊണ്ടാണ്. ആദ്യം അതിനുത്തരമൊന്നും പറഞ്ഞില്ല. എന്നാല്‍ വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ മെല്ലെ പറഞ്ഞു. എന്റെ ചങ്ങാതി, താനൊരു വിവരമുള്ളയാളാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ താനുമിപ്പോള്‍ ലോകത്തിലെ മറ്റുള്ള മനുഷ്യരെപ്പോലെ സംസാരിക്കുന്നുവല്ലോ. ഈ മനസ്സ് ഭഗവാനു സമര്‍പ്പിച്ചുകഴിഞ്ഞു. അതിനി അവിടെനിന്നു മടക്കിയെടുത്ത് പ്രാണന്റെ വെറും ഒരു പഞ്ജരമായ ഈ ഉടലിലുറപ്പിക്കണമെന്നാണോ താന്‍ പറയുന്നത്.
-സ്വാമി വിവേകാനന്ദന്‍
















